Friday, May 3, 2024
spot_img

പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റു; ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ആലുവ: പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാറമ്പിളളി സ്വദേശി കുഞ്ഞുമുഹമ്മദാണ് മരണപ്പെട്ടത്. ആഗസ്റ്റ് 20 നാണ് ടൂ വീലര്‍ കുഴിയില്‍ വീണ് കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളായി ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി ചികിത്സയിലായിരുന്നു. സര്‍ക്കാരിന്‍റേത് ഗുരുതര വീഴ്ചയെന്നും കുറ്റക്കാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആലുവ എംഎല്‍എ വ്യക്തമാക്കി.

അതേസമയം, ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഇന്ന് ഗുരുതര പരിക്ക് പറ്റി. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ചു. മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തിന് ശേഷം നാട്ടുകാര്‍ ചേർന്ന് റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു.

Related Articles

Latest Articles