മുംബൈ∙ പരിക്കിന്റെ പിടിയിൽ അകപ്പെട്ട ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയ്ക്കു വരാനിരിക്കുന്ന ഐപിഎൽ സീസണിൽ കളിക്കാനാകില്ലെന്ന സ്ഥിരീകരണമുണ്ടായത് കഴിഞ്ഞ ദിവസമായിരുന്നു.എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ആരാധകരെ മുഴുവൻ സങ്കട കടലിലാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബുമ്രയ്ക്ക് ആറു മാസത്തോളമെങ്കിലും പുറത്തിരിക്കേണ്ടിവരും. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ബുമ്ര കളിക്കില്ല.
ഇതിനു പുറമേ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങളിലും താരം ഇന്ത്യൻ ജേഴ്സിയണിയാനുള്ള സാധ്യത കുറവാണെന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022 മുതൽ അഞ്ച് വീതം ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കായി കളിച്ചത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം 14 മത്സരങ്ങളിലും താരം ഗ്രൗണ്ടിലിറങ്ങി. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലും ബുമ്രയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ ബുമ്ര കളിക്കാതിരുന്നാൽ ടീം ഇന്ത്യയ്ക്കും വലിയ തിരിച്ചടിയാകും.

