Monday, January 5, 2026

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന;ഇന്ന് എറണാകുളത്ത് അടപ്പിച്ചത് 11 ഹോട്ടലുകൾ!

കൊച്ചി :എറണാകുളത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത 11 സ്ഥാപനങ്ങൾ അടപ്പിച്ചു.ബുധനാഴ്ച നടത്തിയ പ്രത്യേക രാത്രി പരിശോധനയില്‍ 20 സ്ഥാപനങ്ങളും വ്യാഴാഴ്ച 53 സ്ഥാപനങ്ങളും പരിശോധനക്ക് വിധേയമായി.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച വാളകം ഗ്രേസ് ഹോട്ടല്‍, അമ്പലപ്പടിയിലെ തലശ്ശേരി ഫൂഡ് മാജിക്, വാളകം രുചിക്കൂട്ട് ഹോട്ടല്‍, വരാപ്പുഴ പിഎംപി ഹോട്ടല്‍, മലയാറ്റൂര്‍ സെന്റ് തോമസ് ഹോട്ടല്‍ ആന്‍ഡ് കൂള്‍ബാര്‍, വാഴപ്പള്ളി ബര്‍കത്ത് ഹോട്ടല്‍, വാഴപ്പള്ളി ഖലീഫ ഹോട്ടല്‍, വാഴപ്പള്ളി ഗോള്‍ഡന്‍ ക്രൗണ്‍ ഹോട്ടല്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൃത്തിഹീനമായി പ്രവര്‍ത്തിച്ച കളമശ്ശേരി സ്‌പൈസ് ഓഫ് ഷെയ്ഖ്, വാഴക്കാല മാഞ്ഞാലി ബിരിയാണി, വാഴക്കാല ശരവണ ഭവന്‍ എന്നിവയുടെയും പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കി.
പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് 16 സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 13 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 70500 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.

Related Articles

Latest Articles