തിരുവനന്തപുരം: പിരിച്ചു വിടൽ നടപടി നേരിടുന്ന ഇൻസ്പെക്ടർ പി.ആർ സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല.സംസ്ഥാന പൊലീസ് മേധാവി സുനുവിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനായിരുന്നു നിർദ്ദേശം.തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി ആർ സുനു.നേരത്തെയും സുനുവിന് വിശദീകരണം നൽകാൻ പോലീസ് മേധാവി നോട്ടീസ് നൽകിയിരുന്നെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
എന്നാൽ ഒരാഴ്ചയ്‌ക്കുള്ളിൽ വിശദീകരണം നൽകാനായിരുന്നു ട്രിബ്യൂണലിന്റെ നിർദ്ദേശം.ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയിൽ അയച്ചിട്ടുണ്ട്. എന്നാൽ ഈ മെയിൽ മുഖവിലയ്ക്ക് എടുക്കാതെ സുനുവിനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിജിപിയുടെ നീക്കം.തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായതോടെ ബേപ്പൂർ കോസ്റ്റൽ സിഐ ആയിരുന്ന പി.ആർ.സുനു സസ്പെൻഷനിലാണ്. പരാതി നൽകിയ യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്.
ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സസ്പെന്‍ഷന്‍ നടപടി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. 15 തവണ വകുപ്പ് തല അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.

