ചണ്ഡീഗഡ്: ഭഗവാൻ ശ്രീരാമനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്ന് ആരോപിച്ച് അസിസ്റ്റന്റ് പ്രൊഫസറെ പിരിച്ചുവിട്ട് സർവ്വകലാശാല. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഗുർസാങ് പ്രീത് കൗറിനെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. ഇവരുടെ പരാമർശങ്ങൾ അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതിന് പിന്നാലെയാണ് ഈ സംഭവം. ഇതേത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർവകലാശാല കടുത്ത നടപടി സ്വീകരിച്ചത്.
അതേസമയം ജീവനക്കാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി സർവകലാശാല ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ഈ വീഡിയോയിലൂടെ തങ്ങളുടെ ജീവനക്കാരി പറയുന്ന കാര്യങ്ങൾ ചിലരുടെ മതവികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അവയൊന്നും തന്നെ അംഗീകരിക്കുന്നില്ലെന്നും സർവ്വകലാശാല അറിയിച്ചു. മാത്രമല്ല എല്ലാ മതസ്ഥരെയും തുല്യ സ്ഥാനം നൽകിയാണ് കാണുന്നതെന്നും എല്ലാവർക്കും ബഹുമാനം നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

