Monday, May 20, 2024
spot_img

വയോജന സംരക്ഷണം സമൂഹത്തിന്‍റെ ഉത്തരവാദിത്വം- ഇന്ന് ദേശീയ വയോജന ദിനം

‘പ്രായമായവർ വീടിന് അലങ്കാരമാണ്. നാടിന് അഭിമാനമാണ്’ സമൂഹത്തിനു മുൻപിൽ നമ്മുടെ വയോജനങ്ങൾക്കു പറയാനുള്ള ഒരു മുദ്രാവാക്യമാണത്. പ്രായമേറിയാൽ പുറംതള്ളുന്ന സമൂഹത്തിൽ തങ്ങൾക്ക് വ്യക്തമായ സ്ഥാനമുണ്ടെന്നു പറയാതെ പറയുകയാണവർ. വിശ്രമ കാലത്തും ആവശ്യങ്ങൾ നേടിയെടുക്കാനായി തെരുവിലിറങ്ങേണ്ടി വരുന്ന അവരുടെ ഗതികേടിനു നമ്മളും ഉത്തരവാദികളാണ്.

നാട് പ്രളയക്കെടുതിയിൽ ഉഴറുമ്പോൾ പെന്‍ഷന്‍ തുക സ്വരൂപിച്ച് ദുരിതാശ്വാസ നിധിയിലേക്ക് വിട്ടു നൽകാനുള്ള നന്മമനസ്സും ഇവർക്കുണ്ട്.യൗവനം കുടുംബത്തിനും നാടിനും നാട്ടുകാർക്കും സമർപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ വയോജനങ്ങൾക്കുള്ളത് ‘ഞങ്ങളെയും പരിഗണിക്കണം’ എന്ന ചെറിയൊരു ആവശ്യം മാത്രം.

വൃദ്ധജനങ്ങളെ വൃദ്ധസദനത്തിലേക്ക് അയയ്ക്കുന്ന സംസ്കാരം സംസ്ഥാനത്ത് വളരെ വേഗത്തിൽ വികസിക്കുകയാണ്. കേരളത്തിലെ പ്രായമായവരിൽ ഭൂരിഭാഗവും വിധവകളാണ്. 1991 ൽ 60-69 വരെ പ്രായമുള്ളവരിൽ 53.8ശതമാനം വിധവകളാണ്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് 69.20 ശതമാനമാണ്. 2025 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയിൽ 20 ശതമാനവും പ്രായമായവരാകുമെന്നതിനാൽ സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്‍റെ ആവശ്യം വളരെ വലിയ തോതിൽ ഉണ്ടാകും.

വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ് ഇന്ന് വയോജന സംരക്ഷണം. ജീവിതത്തിന്‍റെ വസന്തകാലം മുഴുക്കെ കുടുംബത്തിനും സമൂഹത്തിനുമായി വിനിയോഗിച്ചവര്‍ക്ക് ജീവിതത്തിന്‍റെ സായാഹ്നത്തില്‍ ആവശ്യമായ പരിചരണവും സഹാനുഭൂതിയും ലഭിക്കുന്നില്ല. ജീവന് തുല്യം സ്‌നേഹിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ അവരെ അധികപ്പറ്റായി കാണുകയും വഴിയോരങ്ങളിലും വൃദ്ധമന്ദിരങ്ങളിലും തള്ളുകയുമാണ്. വൃദ്ധ സദനമെന്നത് അടുത്ത കാലം വരെ നമുക്ക് ഉള്‍ക്കൊള്ളാനാകാത്ത പാശ്ചാത്യന്‍ സംസ്‌കാരമായിരുന്നുവെങ്കില്‍ നമ്മുടെ നാടുകളിലെങ്ങും ഇന്ന് അത്തരം സദനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവരും നിരാംലംബരുമായ വൃദ്ധര്‍ക്കുവേണ്ടി സംസ്ഥാനത്ത് അഞ്ഞൂറിലധികം വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതിവേഗം വൃദ്ധസദനങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ് ‘സാംസ്‌കാരിക കേരളം’.

നിയമപരമായ സംരക്ഷണത്തിനപ്പുറം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള സ്‌നേഹവും സ്വാന്തനവും പരിചരണവുമാണ് വയോജനങ്ങള്‍ക്ക് ഏറ്റവും ആവശ്യം. വൃദ്ധസദനങ്ങളില്‍ എത്ര തന്നെ സൗകര്യങ്ങളുണ്ടായാലും വേണ്ടപ്പെട്ടവരുടെ സ്‌നേഹ പരിലാളനകള്‍ ഏറ്റുവാങ്ങി ജീവിക്കുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തിയും ആശ്വാസവും ഒന്നു വേറെ തന്നെയാണ്. പ്രായം ചെല്ലുമ്പോള്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നതും അതാണ്. സ്വന്തക്കാരില്‍ നിന്ന് സ്‌നേഹപൂര്‍ണമായ തലോടലും കുശലാന്വേഷണവുമാണ് അവര്‍ക്കാവശ്യം. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള വയോജനങ്ങളുടെ ഭരണഘടനാപരമായ അവകാശം പാലിക്കപ്പെടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ജീവിത ചെലവ് വർധിച്ച സാഹചര്യത്തിൽ വാർധക്യകാല പെൻഷൻ വർധിപ്പിക്കുക എന്നതാണു വയോജനങ്ങളുടെ പ്രധാന ആവശ്യം. ചികിത്സാ ചെലവു വൻതോതിൽ വർധിച്ച സാഹചര്യത്തിൽ നിലവിൽ കിട്ടുന്ന തുക തീരെ അപര്യാപ്തമാണ്. പ്രായമേറിയവരെ മെഡിക്കൽ ക്ലെയിം ചെയ്യാൻ ഇൻഷുറൻസ് കമ്പനികൾക്ക് പോലും താൽപര്യമില്ല. വിദേശ രാജ്യങ്ങളിൽ ഈ ആനുകൂല്യം വയോജനങ്ങൾക്കു കിട്ടുന്നുണ്ട്. ഇതിനു പുറമെ സാമൂഹിക സുരക്ഷാ പെൻഷൻ പട്ടിക പൂർത്തിയായില്ലെന്നു കാട്ടി വയോജനങ്ങളുടെ പെൻഷൻ തടയുന്ന ശ്രമം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നു. സെർവർ‌ തകരാറും മറ്റുമാണ് അധികൃതർ ഇതിനു പറയുന്ന ന്യായം.

വയോജനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ മാതൃ–പിതൃ വയോജന സംരക്ഷണ നിയമം കൊണ്ടു വന്നിട്ടുണ്ട് . എന്നാൽ സംസ്ഥാനത്ത് ഇതു കാര്യക്ഷമമായി നടപ്പിലാക്കാൻ യാതൊരു നടപടിയുമില്ല. ഇത്തരത്തിലൊരു നിയമത്തെക്കുറിച്ചു ബന്ധപ്പെട്ടവർക്കാർക്കും വലിയ ബോധ്യമില്ലെന്ന പരാതിയുമുണ്ട്. നിയമം കർശനമായി നടപ്പിലാക്കാൻ പൊലീസിനു ബോധവൽക്കരണം നൽകണമെന്ന ആവശ്യവും ഇവരുയർത്തുന്നു. പൊലീസ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കായി പ്രത്യേക ഹെൽത്ത് ഡെസ്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം ഇല്ല.

ബസിൽ സ്ത്രീകളുടെ സീറ്റിൽ ഇരിക്കുന്ന ആളെ മാറ്റിയിരുത്താൻ കണ്ടക്ടർ കാണിക്കുന്ന ധൈര്യം വയോജനങ്ങളുടെ സീറ്റിലിരിക്കുന്നവർക്കെതിരെയും കാണിക്കണമെന്ന് ഇവര്‍ പറയുന്നു. ബസിൽ സീറ്റ് സംവരണം ഉണ്ടെങ്കിലും മിക്കപ്പോഴും ഇവരെ കണ്ട ഭാവം പോലും കാണിക്കാറില്ലെന്നതാണു സത്യം. 20 ശതമാനമാണ് വയോജനങ്ങൾക്കായി ബസുകളിലെ സീറ്റ് സംവരണം. ഇക്കാര്യം ഉന്നയിച്ച് ജില്ലയിലെ സീനിയർ സിറ്റിസൺ ഫോറം ആർടിഒ യ്ക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. നിയമം കാര്യക്ഷമമായി നടപ്പിലാക്കാൻ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും എല്ലാം തഥൈവ.

വയോജനങ്ങളുടെ ക്ഷേമത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്ന് അഞ്ചു ശതമാനം നീക്കി വയ്ക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ മിക്ക പഞ്ചായത്തുകളും ഈ ഫണ്ട് വക മാറ്റി ചെലവഴിക്കുകയാണ് പതിവ്. ചില പഞ്ചായത്തുകൾ കൃത്യമായി ഫണ്ട് നീക്കി വയ്ക്കാറുമുണ്ട്. വയോജന ഗ്രാമസഭകൾ കൃത്യമായി ചേർന്നു ഫണ്ട് വിനിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.

എന്നാൽ പല പഞ്ചായത്തുകളിലും ഇത്തരത്തിലൊരു ഗ്രാമസഭ നടക്കാറില്ല. വയോജനങ്ങൾക്കായി പഞ്ചായത്തുകളിൽ ‘പകൽവീട്’ എന്ന പദ്ധതിയും നടപ്പിലാക്കിയിരുന്നു.പകൽനേരങ്ങളിൽ വയോധികർക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഇതിനായി കെട്ടിയ കെട്ടിടങ്ങൾ ഇപ്പോൾ മറ്റു കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് മിക്ക ജില്ലകളിലും ഉള്ളത്.

പ്രായമായവരെ അധികപ്പറ്റായി കാണാതെ വാര്‍ധക്യം തന്നെയും കാത്തിരിക്കുന്നുണ്ടെന്നും കടന്നു പോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറക്കുകയാണെന്നുമുള്ള ബോധത്തോടെ മുതിര്‍ന്നവരെ സംരക്ഷിക്കാനുള്ള സന്നദ്ധതയും അര്‍പ്പണ ബോധവും യുവതലമുറ ഉള്‍ക്കൊള്ളേണ്ടതുണ്ട്. നിയമപരമായ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തില്‍ ഇത്തരമൊരു ബോധവും ചിന്താഗതിയും വളര്‍ത്തിയെടുക്കാനുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മത, സാംസ്‌കാരിക സംഘടനകളുടെ സഹകരണം ലഭ്യമാക്കാവുന്നതുമാണ്.

Related Articles

Latest Articles