തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നടന്ന നാമജപ പ്രതിഷേധത്തെ വേണ്ടവണ്ണം മനസ്സിലാക്കാൻ പറ്റിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനോട് സ്ത്രീ സമൂഹത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച രേഖയിലാണ് ഈ വിവരമുള്ളത് .
പാർട്ടിയുടെ ഗൃഹസന്ദർശനവേളയിൽ സ്ത്രീസമൂഹം ഇത് തുറന്നു പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. സുപ്രീം കോടതി വിധിക്കെതിരെ പന്തളത്തും മറ്റും പ്രകടനങ്ങൾ തുടങ്ങിയപ്പോൾ തന്നെ സമൂഹത്തിന്റെ വികാരം മനസ്സിലാക്കി പ്രതിരോധ നടപടികളെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അതേസമയം ഭക്തരുടെ വികാരത്തിനൊപ്പം സംഘപരിവാർ നിലകൊണ്ടത് പാർട്ടിക്ക് പ്രതികൂലമായെന്നും റിപ്പോർട്ടിൽ പറയുന്നു.

