Friday, May 3, 2024
spot_img

ഇന്ന് ലോക സമാധാന ദിനം; കോവിഡ് മഹാമാരിക്കിടയിലും എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിൽ സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുവാൻ വീണ്ടുമൊരു ദിവസം കൂടി….

ഇന്ന് സെപ്തംബര്‍ 21 , ലോക സമാധാന ദിനമായി നാം ആചരിക്കുന്നു. ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമ രാഹിത്യത്തിന്‍റെയും ദിനമാണിത്. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിൽ സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ഉദ്ദേശ്യം. ലോക ജനതയ്ക്കിടയിൽ സമാധാനത്തിന്റെ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

പരസ്പരം നമ്മൾ ശത്രുത വെച്ചുപുലർത്താതിരിക്കാൻ ഈ ആചരണം കൊണ്ട് ഉദേശിക്കുന്നുണ്ട്. ഇതിന് പുറമെ ലോക സമാധാനത്തിനായി പ്രയത്നിച്ച വ്യക്തികളോടുള്ള ആദരസൂചകമായും ഈ ദിനം ആചരിക്കുന്നുമുണ്ട്. ഇത്തവണത്തെ മുദ്രാവാക്യം എന്നത് ‘നമുക്ക് ഒരുമിച്ച് സമാധാനം സൃഷ്ടിക്കാം’ എന്നതാണ്.

1981ലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി ലോക അന്താരാഷ്ട്ര ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ആദ്യമായി ആചരിച്ചു തുടങ്ങുന്നത് 1982ലാണ്. സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച്ചയാണ് ലോക സമാധാന ദിനം ആചരിച്ചു പോന്നത്. എന്നാൽ 2002 മുതൽ സെപ്റ്റംബർ 21ന് ഈ ദിനം ആചരിക്കാൻ തീരുമാനിച്ചു.

സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്.

പരസ്പര ബഹുമാനം ഇല്ലായ്മ മനുഷ്യാവകാശങ്ങളോടുളള അവജ്ഞ എന്നിവ അപരിഷ്കൃതമായ പ്രവൃത്തികള്‍ക്ക് കാരണമായി. മനുഷ്യര്‍ക്ക് ഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനും ഇത് വിഘാതമായി . രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകനേതാക്കള്‍ പ്രകടിപ്പിച്ച അഭിപ്രായമാണിത്. ഇന്നും ഈ അഭിപ്രായത്തിന് പ്രസക്തിയുണ്ട്.

അതേസമയം എല്ലാ വർഷവും സെപ്റ്റംബർ 21ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സമാധാനത്തിന്റെ മണി മുഴങ്ങാറുണ്ട്. ആഫ്രിക്ക ഒഴിച്ചുള്ള മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കുട്ടികൾ സംഭാവന ചെയ്ത നാണയങ്ങൾ ഉപയോഗിച്ചാണ് ഈ മണി നിർമ്മിച്ചിരിക്കുന്നത്. Long live absolute world peace എന്ന് ഈ മണിയിൽ ആലേഖനം ചെയ്തിരിക്കുന്നത് കാണാം.

Related Articles

Latest Articles