Monday, April 29, 2024
spot_img

ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

കെയ്റോ: ഈജിപ്തിന്‍റെ മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഈജിപ്തിലെ നാലാമത്തെ പ്രസിഡന്‍റായി 1981ൽ അധികാരത്തിലെത്തിയ ഹുസ്നി മുബാറക് 2011 വരെ തൽസ്ഥാനത്ത് തുടർന്നു. അറബ് വസന്തം എന്ന ജനകീയ പ്രതിഷേധത്തിലൂടെ 2011 ജനുവരിയില്‍ ഹൊസ്‌നിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

സ്ഥാനഭ്രഷ്ടനായ മുബാറക്കിനെ 2012ൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. അഴിമതി മുതൽ കൊലപാതകം വരെയായിരുന്നു കുറ്റങ്ങൾ. പിന്നീട് വര്‍ഷങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം 2017ൽ ശിക്ഷ റദ്ദാക്കപ്പെട്ട് ജയില്‍ മോചിതനായി. 2011-ല്‍ അറസ്റ്റിലായതു മുതല്‍ ഏറിയ ദിവസങ്ങളും ആശുപത്രിയിലായിരുന്നു മുബാറക്ക്.

1928 മേയ് നാലിന് ജനിച്ച മുഹമ്മദ് ഹുസ്നി എല്‍ സയ്ദ് മുബാറക്ക് എന്ന ഹുസ്നി മുബാറക്ക് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972 മുതല്‍ 1975 വരെ കമാന്‍ഡര്‍ ആയിരുന്നു. പ്രസിഡന്‍റായിരുന്ന അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതോടെയാണ് മുബാറക്ക് അധികാരം പിടിച്ചെടുത്തത്. 1978ല്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചാണ് അധികാരത്തിലെത്തുന്നത്.

Related Articles

Latest Articles