ടെഹ്റാൻ : അമേരിക്കൻ സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവർക്ക് മുപ്പതിനായിരം അമേരിക്കൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ സൈനിക മേധാവി അമീർ ഹാതാമി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ സൈനികരെ പിടികൂടുന്ന സ്ത്രീകൾക്ക് ഇനാം തുക ഇരട്ടിയായി അതായത് അറുപതിനായിരം ഡോളറായി ലഭിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ആവശ്യങ്ങളെ തുടർന്നാണ് ഇത്തരമൊരു ‘ഫിനാൻഷ്യൽ ജിഹാദ്’ പദ്ധതിക്ക് രൂപം നൽകിയതെന്ന് സൈനിക മേധാവി വ്യക്തമാക്കിയെങ്കിലും, എവിടെയാണ് ഇത്തരം ആക്രമണങ്ങൾ നടത്തേണ്ടത് എന്നതിനെക്കുറിച്ചോ സമയപരിധിയെക്കുറിച്ചോ ഔദ്യോഗിക വിശദീകരണങ്ങൾ നൽകിയിട്ടില്ല.
മേഖലയിൽ നിന്ന് അമേരിക്കൻ സേന പൂർണ്ണമായും പിന്മാറണമെന്ന ആവശ്യവും ഇറാൻ ആവർത്തിച്ചിട്ടുണ്ട്. പേർഷ്യൻ ഉൾക്കടലിലോ ഒമാൻ ഉൾക്കടലിലോ ഹോർമുസ് കടലിടുക്കിലോ പ്രവേശിക്കാൻ അമേരിക്കൻ സൈന്യത്തിന് ഇനി അനുവാദമില്ലെന്നും ഹാതാമി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി അവസാനം ആരംഭിച്ച യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങളും പിന്നീട് നിലവിൽ വന്ന വെടിനിർത്തലും തകർന്നതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വീണ്ടും കടുക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രഖ്യാപനം. ഈ സംഘർഷങ്ങൾ മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെയും പ്രാദേശിക സുരക്ഷയെയും സാരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

