Thursday, October 1, 2026

ഇരുമ്പയിര് കടത്ത് കേസ് ! കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ്

അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി . എംഎൽഎയ്ക്ക് പുറമെ അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ അടക്കം മറ്റ് 6 പേരെയാണ് കോടതി ശിക്ഷിച്ചത്. 2006 – 2008 കാലയളവിൽ കാർവാറിലെ ബെലകെരി തുറമുഖം വഴി, ബെല്ലാരിയിൽ നിന്ന് കൊണ്ട് വന്ന പതിനൊന്നായിരം മെട്രിക് ടണ്ണോളം ഇരുമ്പയിര് അനധികൃതമായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. സതീഷ് സെയിലിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ മല്ലികാർജുൻ ഷിപ്പിംഗ് എക്സ്പോർട്‍സ് അടക്കം നാല് കമ്പനികൾക്കെതിരെയാണ് ആരോപണമുയർന്നത്.

തടവ് ശിക്ഷയ്ക്ക് പുറമെ ഏഴ് പ്രതികളിൽ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും കോടതി വിധിയിലുണ്ട്. ജനപ്രാതിനിധ്യനിയമമനുസരിച്ച് രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചാൽ തന്നെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്നതിനാൽ സതീഷ് സെയിലിന് എംഎൽഎ സ്ഥാനവും നഷ്ടമായി. ഏഴ് പ്രതികളെയും നിലവിൽ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

സർക്കാരിന് തുച്ഛമായ റോയൽറ്റി മാത്രം നൽകി നടത്തിയ അനധികൃത ഇരുമ്പയിര് കയറ്റുമതിയിലൂടെ 200 കോടി രൂപയോളം ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ലോകായുക്തയും പിന്നീട് ആദായനികുതിവകുപ്പും 2010-11 കാലയളവിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

Related Articles

Latest Articles