Sunday, October 4, 2026

അക്രമിയായ സഹപൈലറ്റിന്റെ പെരുമാറ്റം തുടക്കം മുതലേ സംശയകരം. സ്ത്രീകളോട് കൈകൊടുക്കാന്‍ പോലും വിസമ്മതിച്ചിരുന്നു. കൂടുതല്‍ സമയവും പ്രാര്‍ഥനകളിലും മറ്റും മുഴുകിയിരുന്നു. മതതീവ്രവാദിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സഹപ്രവര്‍ത്തകര്‍

ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവം ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ ഗൗരവമായി അന്വേഷിച്ചുവരികയാണ്. അക്രമിയായ ഒമാന്‍ സ്വദേശിയെ സൗദി അറേബ്യന്‍ അധികൃതര്‍ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എട്ട് മാസം മുമ്പ്മാത്രമാണ് പ്രതിയായ ഒമാന്‍ പൗരന്‍ ഫ്ളൈ ദുബായില്‍ ജോലിക്കായി ചേരുന്നത്. എന്നാല്‍ ഇയാളുടെ പെരുമാറ്റം തുടക്കം മുതലേ സംശയകരമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. കൂടുതല്‍ സമയവും പ്രാര്‍ഥനകളിലും മറ്റും മുഴുകിയിരുന്ന ഇയാള്‍, വിമാനജീവനക്കാരില്‍ സ്ത്രീകളോട് കൈകൊടുക്കാന്‍ പോലും വിസമ്മതിച്ചിരുന്നു. ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയുടെ സാധാരണ അന്തരീക്ഷത്തിന് ചേരാത്ത വിധത്തിലായിരുന്നു ഇയാളുടെ ഓരോ നീക്കവുമെന്നും ഒരു മതതീവ്രവാദിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സഹപ്രവര്‍ത്തകന്‍ ‘ടൈംസ് ഓഫ് ഇസ്രയേലിനോട്’ വ്യക്തമാക്കി.

ഒമാനുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത ഇസ്രായേലിലേക്ക് പറക്കുന്ന വിമാനത്തില്‍ ഒമാന്‍ പൗരനായ ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ച എയര്‍ലൈനിന്റെ തീരുമാനത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഈ അശ്രദ്ധ വിമാനത്തിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളുടെ ജീവനാണ് അപകടത്തിലാക്കിയത് എന്ന് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

അക്രമിയായ സഹപൈലറ്റ് പെട്ടെന്നുണ്ടായ പ്രകോപനത്തിനൊടുവില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ബോയിംഗ് 737 വിമാനം കുത്തനെ താഴേക്ക് പതിക്കുന്ന രീതിയിലുള്ള അപകടാവസ്ഥയിലായി. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ തന്റെ സമനില കൈവിട്ടില്ല. കടുത്ത വേദനയിലും പൊരുതിയ അദ്ദേഹം കോക്ക്പിറ്റ് വാതില്‍ തുറന്ന് പുറത്തുണ്ടായിരുന്ന ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് അക്രമിയെ ബലമായി കീഴ്‌പ്പെടുത്തി. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവന്‍ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരതയ്ക്ക് ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയില്‍ നിന്ന് വലിയ അഭിനന്ദനങ്ങളാണ് പ്രവഹിക്കുന്നത്.

Related Articles

Latest Articles