Monday, May 20, 2024
spot_img

ഐഎസ് സെല്ലുകള്‍ തന്ത്രം മാറ്റുന്നു; റിക്രൂട്ട്‌മെന്റിന് പുതിയ മാര്‍ഗങ്ങള്‍

കൊച്ചി: എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വെട്ടിച്ച്‌ പുതിയ രീതിയില്‍ കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് നടത്താന്‍ നീക്കം. പ്രാദേശിക തലങ്ങളില്‍ വ്യത്യസ്തമായ പേരുകളില്‍ ക്ലബ്ബുകളും സംഘടനകളും രൂപീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് നീക്കമെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പദ്ധതികള്‍ തയാറാക്കുന്നുണ്ട്. സംശയം ഉണ്ടാകാത്തവിധം എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാനാണിത്. കേരളത്തിലെ പ്രമുഖ സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികളെ മുമ്ബ് ഐഎസ് അനുഭാവം പുലര്‍ത്തിയതിനെ തുടര്‍ന്ന് എന്‍ഐഎ നിരീക്ഷിച്ചിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കേരളത്തില്‍ നിന്നുള്ളവരുടെ ബന്ധം ലങ്കന്‍ സൈന്യം സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ഐബി, സൈനിക ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നേരിട്ടെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന് ശേഷമാണ് രഹസ്യാന്വേഷണ വിഭാഗം പുതിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎക്കും കൈമാറിയിട്ടുണ്ട്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും എന്‍ഐഎ വ്യാപക റെയ്ഡുകള്‍ നടത്തിയിരുന്നു. കേരളത്തില്‍ നടത്തിയ റെയ്ഡില്‍ വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. റിക്രൂട്ട്‌മെന്റിന് സഹായം നല്‍കുന്ന കേന്ദ്രങ്ങളെല്ലാം എന്‍ഐഎ, ഐബി സംഘങ്ങളുടെ നിരീക്ഷണത്തിലാണ്. മാത്രമല്ല, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളുടെ രൂപരേഖയും സൈനിക ഇന്റലിജന്‍സ് തയാറാക്കിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന മൂവ്‌മെന്റുകളുടെ വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചില ഇസ്ലാമിക മത പുരോഹിതന്മാര്‍ ഐബിയുടെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് സമാന ചിന്താഗതി പുലര്‍ത്തുന്നവരെ ഒന്നിപ്പിച്ച്‌, വിവിധ പേരുകളില്‍ സംഘടനകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Latest Articles