Tuesday, November 3, 2026

എൻ ഐ എ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഐഎസ് ഭീകരൻ ദില്ലിയിൽ പിടിയിൽ ; റിസ്വാൻ അബ്ദുൾ ഹാജി അലിയെ അറസ്റ്റ് ചെയ്ത് ദില്ലി പോലീസ്

ദില്ലി : പൂനെ ഐഎസ് മൊഡ്യൂളുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിസ്വാൻ അബ്ദുൾ ഹാജി അലി അറസ്റ്റിൽ. ദര്യഗഞ്ച് സ്വദേശിയായ റിസ്വാൻ അബ്ദുൾ ഹാജി അലിയെ ദില്ലി പോലീസ് സ്പെഷ്യൽ സെല്ലാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തലയ്ക്ക് എൻഐഎ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വർഷം പൂനെ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റിസ്വാനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തുടർന്ന് ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൂനെ ഐ.എസ് ഘടകത്തിലെ മറ്റ് അം​ഗങ്ങളുമായി ചേർന്ന് ദില്ലിയിലേയും മുബൈയിലേയും പ്രധാന സ്ഥലങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പൂനെ ഐ.എസ് ഘടകത്തിലെ നിരവധിപേരെ പൂനെ പോലീസും എൻ.ഐ.എയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.

2023 ജൂലൈയിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, ഐഎസുമായി ബന്ധപ്പെട്ട ലഘുരേഖകൾ എന്നിവ പിടിച്ചെടുത്തതുമായി മൊത്തം 11 പ്രതികൾക്കെതിരെ എൻഐഎ കുറ്റം ചുമത്തിയിരുന്നു. പ്രതികളെല്ലാം നിരോധിത ഭീകര സംഘടനയായ ഐഎസിലെ അംഗങ്ങളായിരുന്നു. എൻഐഎ റിപ്പോർട്ട് പ്രകാരം, സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി പൂനെയിലും പരിസരത്തും ഭീകരാക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തിരുന്നു. അതേസമയം, രഹസ്യ ആശയവിനിമയ ആപ്പുകൾ വഴി ഭീകരർ വിദേശത്തുള്ള തങ്ങളുടെ ഹാൻഡ്ലറുമായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. കവർച്ചകളും മോഷണങ്ങളും നടത്തി ധനസമാഹരണം നടത്തിയിരുന്ന ഇവർ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടനിലക്കാരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു.

Related Articles

Latest Articles