Sunday, May 19, 2024
spot_img

ഐസിസ് ഭീകരര്‍ കേരളത്തില്‍ എത്തിയതായി ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍


കൊളംബോ: ഐസിസ് ഭീകരര്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തിയതായി ലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെത്തിയ ഭീകരര്‍ കാശ്മീര്‍, കേരളം, ബംഗളൂരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്.ജനറല്‍ മഹേഷ് സേനാനായകെ സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ എന്തിനാണ് കേരളത്തില്‍ എത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ രഹസ്യ കേന്ദ്രങ്ങളില്‍ പരിശീലനം നടത്തുന്നതിനോ അല്ലെങ്കില്‍ ഇവിടെയുള്ള മറ്റ് തീവ്ര സ്വഭാവമുള്ള സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തുന്നതിനോ വേണ്ടിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത് എന്നാണ് കരുതുന്നത്.

ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഒമ്പത് ചാവേറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതാണ് ഇത്രയും വലിയ ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. ഇക്കാര്യം സൈനിക മേധാവിയും സമ്മതിക്കുന്നുണ്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രഹസ്യ വിവരം നല്‍കിയിരുന്നെങ്കിലും വിവിധ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ആശയ വിനിമയത്തിലെ വിടവ് വലിയ തിരിച്ചടിയായെന്നാണ് മഹേഷ് സേനാനായകയുടെ പക്ഷം. അതേസമയം, ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ചാവേറുകളില്‍ രണ്ട് പേരെങ്കിലും 2017ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് സംബന്ധിച്ച് ശ്രീലങ്കയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇക്കാര്യം ശ്രീലങ്കന്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ അന്വേഷിച്ച് തെറ്റാണെന്ന് ബോധ്യപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

അതേസമയം, ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. ലങ്കന്‍ ഭീകരന്‍ സഹ്റാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കര്‍ എന്നയാളെ അന്വേഷണ സംഘം പിടികൂടുകയും ചെയ്തു.

Related Articles

Latest Articles