Saturday, May 4, 2024
spot_img

” നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരതത്തിനെതിരെ ഉന്നയിച്ച ആരോപണത്തിൽ തെളിവുകളെവിടെ ? കാനഡയുടെ അന്വേഷണം ഇതിനോടകം തന്നെ കളങ്കപ്പെട്ടു !” രൂക്ഷവിമർശനവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ

ഖലിസ്താൻ വിഘടനവാദി ഹർദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരതത്തിനെതിരെ ഉന്നയിച്ച ആരോപണത്തിൽ തെളിവുകൾ എവിടെയെന്ന് തുറന്നടിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ. തങ്ങളുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ, കാനഡ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ദി ഗ്ലോബ് ആൻഡ് മെയിലി’നു നൽകിയ അഭിമുഖത്തിലായിരുന്നു സഞ്ജയ് കുമാർ വർമ്മയുടെ പ്രതികരണം.

“നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം പ്രത്യാഘാതങ്ങളുണ്ടാക്കി. നിജ്ജാർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കാനഡയുടെ പൊലീസ് അന്വേഷണം ഒരു ഉന്നത കനേഡിയൻ ഉദ്യോഗസ്ഥന്റെ പരസ്യ പ്രസ്താവനയാൽ തകർന്നു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ കാനഡ പരാജയപ്പെട്ടു. കാനഡയുടെ അന്വേഷണം ഇതിനോടകം തന്നെ കളങ്കപ്പെട്ടുകഴിഞ്ഞു. നിജ്ജറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണെന്ന് വരുത്തിതീർക്കാൻ ഉന്നതതലത്തിൽ നിന്ന് അന്വേഷണസംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നവരെ കാനഡ നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ‘അതിന്റെ വഴിക്ക് നടക്കട്ടെ’. ‘എന്റെ സുരക്ഷയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. എന്റെ കോൺസൽ ജനറൽമാരുടെ സുരക്ഷയിലും എനിക്ക് ആശങ്കയുണ്ട്. കൃത്യമായ ആശയവിനിമയം ഇരുരാജ്യങ്ങളും നടത്തിയാലെ നയതന്ത്രതർക്കങ്ങൾക്ക് പരിഹാരം ആകൂ.” – സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.

ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ പിന്നാലെ എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ വർധിപ്പിക്കണമെന്നും സഞ്ജയ് കുമാർ വർമ്മ ആവശ്യപ്പെട്ടു. കാനഡയിലേക്കും തിരിച്ച് ഭാരതത്തിലേക്കും വരുന്ന എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബര്‍ 19 മുതൽ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ന്റെ വീഡിയോ സന്ദേശം ഇന്നലെയാണ് പുറത്തു വന്നത്. നവംബര്‍ 19 മുതല്‍ സിഖുകാർ എയര്‍ ഇന്ത്യയുടെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്നും ഭീഷണിയിലുണ്ട്.

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19-ന് അടഞ്ഞുകിടക്കുമെന്നും വിമാനത്താവളത്തിന് ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും പന്നൂൻ ഭീഷണിപ്പെടുത്തുന്നുണ്ട്.

കനേഡിയൻ നഗരങ്ങളായ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിൽ നിന്ന് ദില്ലിയിലേക്ക് എയർ ഇന്ത്യ ആഴ്ചയിൽ ഒന്നിലധികം നേരിട്ടുള്ള ഫ്ളൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്.

കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധിക്കപ്പെട്ടതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന് 41 ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കാനഡ തിരിച്ചുവിളിച്ചിരുന്നു.

Related Articles

Latest Articles