ജനങ്ങളുടെ ക്ഷേമം അന്വേഷിക്കേണ്ട മുഖ്യനും മന്ത്രിമാരും നവകേരള ടൂർ ആഘോഷിക്കുമ്പോൾ പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വരുന്ന തീർഥാടകരുടെ ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മണ്ഡലകാലത്തിന് ഒരുക്കേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും ഒന്നും നടത്താതെയായിരുന്നു ഇടത് സർക്കാർ കോടികൾ ധൂർത്തടിച്ചു കൊണ്ട് നവകേരള ടൂറിന് പോയത്. സഖാക്കൾ ഇങ്ങനെ ഖജനാവിനെ കാലിയാക്കുമ്പോൾ ഹോട്ടലിലെ വെസ്റ്റ് വെള്ളത്തിൽ കുളിക്കേണ്ട അവസ്ഥയിലാണ് അയ്യപ്പഭക്തർ.
ഒരു അയ്യപ്പ ഭക്തൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയുടെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. വൻപുലിവാഹനൻ എന്ന പ്രതിമയ്ക്ക് സമീപം ത്രിവേണി ബ്രിഡ്ജിനടുത്തുള്ള ഹോട്ടലിൽ നിന്നുള്ള വേസ്റ്റാണ് അയ്യപ്പ ഭക്തന്മാർ കുളിക്കുന്ന പമ്പ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഇതാണോ കേരള സർക്കാർ നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നമ്പർ വൺ കേരളം എന്നാണ് പൊതുജനങ്ങൾ പോലും ചോദിക്കുന്നത്. ഇത് മാത്രമല്ല, എരുമേലി – നിലയ്ക്കൽ, പമ്പ, പത്തനംതിട്ട- ളാഹ, നിലയ്ക്കൽ, ശബരിമല തീർത്ഥാടകപാതകളിൽ പ്രവർത്തിക്കുന്ന, സ്ഥിരം – താൽകാലിക ഹോട്ടലുകളിൽ മത്സ്യവും മാംസവും അടങ്ങിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതായി അയ്യപ്പ ഭക്തന്മാരുടെ വ്യാപക പരാതിയും ഉയർന്നുവന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി, ടൂറിസ്റ്റ് ബസ്സ്, ട്രാവലർ തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവർന്മാർക്കും, മറ്റു ജീവനക്കാർക്കും നൽകുന്നതിനു വേണ്ടി, ഭൂരിഭാഗം ഹോട്ടലുകളിലും നോൺവെജ് ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്നതായാണ് പരാതി. അതേസമയം, ഭക്ഷണം കഴിക്കുന്നതിനായി നോൺവെജ് ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്ക് മുമ്പിൽ മാത്രമേ, കെ എസ് ആർ ടി സി ബസുകളും സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും, ട്രാവലറുകളും നിർത്താറുള്ളു. ദിവസങ്ങളും, ആഴ്ചകളും കഠിന വ്രതമെടുത്ത് ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരോട് കാട്ടുന്ന അനിതിയാണ് ഹോട്ടലുകാരും കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹന ഡ്രൈവർന്മാരും കാണിക്കുന്നത്. ഇതു മൂലം വെജിറ്റേറിയൻ ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്ന ഹോട്ടലുകളിൽ കച്ചവടം വളരെ കുറച്ചു മാത്രമാണ് നടക്കുന്നത്. ലക്ഷ കണക്കിന് രൂപ പലിശയ്ക്കും മറ്റും കടം എടുത്തു ഹോട്ടൽ ആരംഭിച്ചവർ വൻ തുക നഷ്ടത്തിലായി, തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുകാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. നോൺ വെജ് – നൽകുന്ന ഹോട്ടലുകൾക്ക് മുമ്പിൽ വാഹനങ്ങൾ നിർത്തി കൊടുക്കുന്നതിന് ഭക്ഷണത്തിന് പുറമേ ഇരുന്നൂറും, മുന്നുറും രൂപയാണ് ഹോട്ടലുകാർ ഒരോ ട്രിപ്പിനും നൽകുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അയ്യപ്പ ഭക്തന്മാരുടെ പരാതി.

