അമർനാഥ് യാത്രക്ക് വീണ്ടും ഇസ്ലാമിക തീവ്രവാദ ഭീഷണിയുണ്ടായതായി റിപ്പോർട്ട്. അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ ഭീകരർ സുരക്ഷാ സേനയെയും അമർനാഥ് യാത്രാ വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടേക്കുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.
ഇതിന്റെ പിന്നിൽ ഭീകരരായ റഫീഖ് നായിക്കും മുഹമ്മദ് അമിൻ ബട്ട് എന്ന അബു ഖുബൈബും ആണെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. നിലവിൽ ഇരുവരും പാക് അധീന കശ്മീരിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഖുബൈബിന്റെ കുടുംബാംഗങ്ങൾ ഇയാളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതായി സംശയിക്കുന്നതിനാൽ സുരക്ഷാ ഏജൻസികൾ ഖുബൈബിന്റെ കുടുംബത്തെയും അവരുടെ വീടിനെയും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, രണ്ട് ഭീകരരും ജമ്മു മേഖലയിൽ ഭീകരപ്രവർത്തനം നടത്താൻ ഐഎസ്‌ഐ അയച്ചതാണെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി ദോഡ, പൂഞ്ച് മേഖലകളിലെ യുവാക്കളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. യുവാക്കളെ ഭീകരതയുടെ പാതയിലേക്ക് തള്ളിവിടാനുള്ള എല്ലാ ശ്രമങ്ങളും ഭീകരർ നടത്തുന്നുണ്ട്. പ്രദേശവാസികളായതിനാൽ രണ്ട് ഭീകരർക്കും നുഴഞ്ഞുകയറ്റത്തിന്റെ എല്ലാ വഴികളും അറിയാമെന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.

