Thursday, October 8, 2026

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ;സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിനെതിരെ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന്റെ ഒത്തുതീർപ്പിനായുള്ള മന്ത്രിതല ചർച്ച ഇന്ന്.കോളേജിൽ രാവിലെ പത്തു മണിയോടെയാകും ചര്‍ച്ച. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎൻ വാസവനും മാനേജ്മെന്‍റ് അധികൃതരും വിദ്യാർത്ഥികളുമായി ചർച്ച നടത്തും. ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

അതേസമയം കേസ് അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സാങ്കേതിക സര്‍വകലാശാല.സംഘം ഇന്ന് കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും.വിദ്യാർത്ഥിനിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.പ്രതിഷേധം ശക്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് നിർദേശം നൽകി. എന്നാൽ, ഒഴിയാൻ തയാറല്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

Related Articles

Latest Articles