Tuesday, December 23, 2025

ഒരു ഹമാസ് നേതാവിനെ കൂടി കാലപുരിയിലേക്ക് അയച്ച് ഇസ്രായേൽ സൈന്യം !

ഇസ്രായേൽ – ഹമാസ് സംഘർഷം പതിനാലാം ദിനത്തിലേക്ക് കടക്കവേ ഹമാസിന് വീണ്ടും കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ. ഹമാസിന്റെ മറ്റൊരു കമാൻഡറെ കൂടി വധിച്ചതായി ഇസ്രായേൽ സേന വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴോളം ഹമാസ് ഉന്നത നേതാക്കളെയാണ് ഇസ്രായേൽ വധിച്ചിരിക്കുന്നത്. നാവിക സേനാ വിഭാഗം തലവൻ മബ്ദുഹ് ഷാലബിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇസ്രായേൽ കരസേനയും, നാവിക സേനയും സംയുക്തമായി ഹമാസ് താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ഇതിലാണ് ഹമാസ് ഭീകരൻ മബ്ദുഹ് ഷാലബി കൊല്ലപ്പെട്ടത്.

അതേസമയം, ഇസ്രായേൽ നാവിക സേനയ്‌ക്കെതിരെയുണ്ടായ ആക്രമണങ്ങളെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് നടന്നിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിൽ മബ്ദുഹ് ഷാലബിയെ വധിച്ചത് ഹമാസിനെതിരായ പോരാട്ടത്തിൽ ഏറെ നിർണായകമായിരിക്കുകയാണ്. അതേസമയം മബ്ദുഹ് ഷാലബിയ്ക്ക് പുറമേ ഹമാസിന്റെ രണ്ട് നേതാക്കളെ കൂടി ഇസ്രായേൽ വധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഹമാസിന്റെ സഹസംഘടനയായ പോപ്പുലർ റെസിസ്റ്റൻസ് കമ്മിറ്റി നേതാവ് റഫാത്ത് അബു ഹിലാൽ, ഹമാസ് സ്ഥാപകരിൽ ഒരാളായ അബ്ദെൽ ആസീസ് അൽ റാൻഡിസിയുടെ ഭാര്യ ജമീല അൽ ശാന്തി എന്നിവരെയാണ് ഇസ്രായേൽ സൈന്യം വധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഹമാസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാവിക സേനാ തലവനെ ഇസ്രായേൽ കൊലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഹമാസിന്റെ ഉന്നം പിഴച്ച റോക്കറ്റ് ഗാസ ആശുപത്രിയിൽ പതിച്ച് നിരവധി പേരുടെ ജീവനെടുത്തതിന് പിന്നാലെ പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഇനിയെങ്കിലും നേരെ വെടിവെക്കാൻ പഠിക്കണമെന്നും ഇത് ആദ്യത്തെ തവണയല്ല ഹമാസിന് പിഴയ്‌ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഹമാസ് ഭീകരർ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന് കരുതുന്നില്ല. ഇസ്രായേലിനെ ലക്ഷ്യം വെച്ച് തൊടുത്ത മിസൈൽ അബദ്ധത്തിൽ ഗാസ ആശുപത്രിയിൽ പതിക്കുകയായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു. അതേസമയം, ഹമാസ് തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിക്കുന്ന സാങ്കേതിക തെളിവുകൾ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. ഉന്നം തെറ്റിയെന്ന് ആശങ്കയോടെ പരസ്പരം സംസാരിക്കുന്ന രണ്ട് ഭീകരരുടെ ഓഡിയോ സഹിതമാണ് സേന തെളിവുകൾ പുറത്തുവിട്ടത്. ആശുപത്രിക്ക് സമീപത്ത് നിന്ന് ഇസ്ലാമിക് ജിഹാദികൾ ഇസ്രായേലിലേക്ക് വിട്ട റോക്കറ്റുകൾ അബദ്ധത്തിൽ ആശുപത്രിയിൽ പതിക്കുകയായിരുന്നു. എന്തായാലും ഹാമസിനേറ്റ തിരിച്ചടികളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

Related Articles

Latest Articles