Saturday, May 11, 2024
spot_img

ഇസ്രായേൽ -ഗാസ പോരാട്ടം ഈ വർഷവും തുടരും, സൈനിക വിന്യാസം വർദ്ധിപ്പിച്ച് ഇസ്രായേൽ, ഗാസയിൽ പലായനം ചെയ്തവർ 20 ലക്ഷം കടന്നു

ഇസ്രായേൽ- ഗാസയിലെ സംഘർഷം ഈ വർഷവും തുടരുമെന്ന് പുതുവർഷ സന്ദേശത്തിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. നീണ്ട പോരാട്ടത്തിനാണ് ഇസ്രായേൽ തയ്യാറെടുക്കുന്നത്. ഇതിനായി സൈനിക വിന്യാസം ക്രമീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക പുനരേകീകരണത്തിനായി ഗാസയിൽ ഇപ്പോഴുള്ള സൈനികരെ മാറ്റി പുതിയ യുദ്ധപോരാളികളെ വിന്യസിക്കാനും തീരുമാനമായി.

ഒക്‌ടോബർ 7 മുതൽ ഗാസയിൽ 21,978 പേർ കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവിൽ ഗാസയിൽ 56,697 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കണക്കുകൾ കൃത്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 156 പേർ കൊല്ലപ്പെടുകയും 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് തോക്കുധാരികൾ നടത്തിയ അഭൂതപൂർവമായ അതിർത്തി കടന്നുള്ള ആക്രമണമാണ് യുദ്ധത്തിന് കാരണമായത്, അതിൽ 1,200 പേർ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. 240 ഓളം പേർ ബന്ദികളാക്കപ്പെട്ടു.

ഗാസ നഗരത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ ബോംബാക്രമണത്തിൽ 48 പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു, പലരും ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങികിടപ്പുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മറ്റൊരു ആക്രമണത്തിൽ ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള അൽ-അഖ്‌സ സർവകലാശാലയിൽ അഭയം പ്രാപിച്ച 20 പേർ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം, ഗാസയിലെ 2.4 ദശലക്ഷം ആളുകളിൽ 85 ശതമാനനും അതായത് ഏകദേശം രണ്ട് ദശലക്ഷം ആളുകൾ ഇപ്പോൾ പലായനം ചെയ്യപ്പെട്ടതായി യു.എൻ പറയുന്നു.

Related Articles

Latest Articles