Saturday, May 11, 2024
spot_img

ഹമാസ് തുരങ്കങ്ങളിൽ ഇസ്രായേൽ സൈന്യത്തിൻറെ സർജിക്കൽ സ്ട്രൈക്ക് !

ഇസ്രയേലിന്റെ കനത്ത തിരിച്ചടിയിൽ ഭയന്ന് വിറങ്ങലിച്ചിരിക്കുകയാണ് ഹമാസ് ഭീകരർ. ഹമാസിനെ ഇല്ലായ്മ ചെയ്യാൻ അതിശക്തമായ പോരാട്ടമാണ് ഇസ്രായേൽ നടത്തുന്നത്. ഗാസയിലേക്ക് പ്രവേശിച്ചിരിക്കുന്ന ഇസ്രായേൽ സൈന്യം ഹമാസ് ഭീകർക്ക് അടുത്ത തിരിച്ചടിയും നൽകിയിരിക്കുകയാണ്. ഗാസയിലെ കുപ്രസിദ്ധമായ ഹമാസ് തുരങ്കങ്ങളിൽ ഇസ്രായേലി സൈന്യം മിന്നലാക്രമണം നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങളായ ഈ തുരങ്കങ്ങൾ ഇസ്രായേൽ സൈന്യത്തിന് മുന്നിൽ വലിയ വെല്ലുവിളിയായിരുന്നു. ഇത്തരം തുരങ്കങ്ങൾ ഗാസയിൽ നിന്ന് ഇസ്രായേലിൻറെ അതിർത്തിക്കുള്ളിൽ വരെ എത്താൻ ഹമാസ് ഭീകരരെ സഹായിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ, ഹമാസ് ബന്ദികളാക്കിയ 240 പേരിൽ പലരെയും ഇത്തരം തുരങ്കങ്ങളിലാണ് താമസിപ്പിച്ചിരുന്നത്.

അതിവിശാലമായ തുരങ്കങ്ങളുടെ ശൃംഖലയാണ് ഗാസ മുനമ്പിന് കീഴിലുള്ളത്. ഒരുവശത്ത് ഈജിപ്തിലേക്കും മറുവശത്ത് ഇസ്രായേലിലേക്കും നീളുന്ന ഈ തുരങ്കങ്ങളുടെ ശൃംഖലകളിലൂടെയാണ് ഹമാസ് ഭീകരർ മനുഷ്യക്കടത്തുൾപ്പെടെ നടത്തുന്നത്. ഗാസ മെട്രോ എന്ന വിളിപ്പേരിലറിയപ്പെടുന്ന കിലോമീറ്ററുകൾ നീളമുള്ള ഈ തുരങ്കങ്ങളിലൂടെയാണ് റോക്കറ്റുകളും, വെടിമരുന്നുകളും ആയുധങ്ങളും ഹമാസ് ഭീകരർ ഗാസയിലെത്തിക്കുന്നത്. 500 കിലോമീറ്ററുകളോളം നീളമുള്ള തുരങ്കങ്ങൾ കഴിഞ്ഞ വർഷം മാത്രമായി നിർമ്മിച്ചതായാണ് ഹമാസിൻറെ അവകാശവാദം. അതേസമയം, സാധാരണക്കാർക്ക് വീടുകൾ നിർമ്മിക്കുവാനായി അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നൽകുന്ന കോൺക്രീറ്റും, സിമൻറും ഉപയോഗിച്ചാണ് ഹമാസ് ഈ തുരങ്കങ്ങൾ നിർമ്മിക്കുന്നത്. തുരങ്കങ്ങളിൽ ആക്രമണം നടന്നാൽ ചെറിയ കുട്ടികളെ ഉൾപ്പെടെ മുന്നിൽ നിർത്തി മനുഷ്യവേലികൾ കെട്ടിയാണ് ഹമാസ് ഭീകരർ രക്ഷപ്പെടുന്നത്. ഈ തുരങ്കങ്ങളിലാണ് ഇസ്രായേൽ സൈന്യം നേരിട്ട് കയറി ഇപ്പോൾ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരിക്കുന്നത്.

അതേസമയം, എണ്ണായിരത്തോളം പേർ ഇതുവരെ ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഗാസ അധികൃതർ പറയുന്നത്. അതിനാൽ തന്നെ, ഹമാസിനെ ആക്രമിക്കുന്നത് താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നും സാധാരണക്കാർക്ക് രക്ഷപ്പെടാൻ അവസരം നൽകണമെന്നും ഇസ്രായേലിനോട് പല ലോകരാജ്യങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് അടിസ്ഥാന സഹായങ്ങൾ എത്തുന്നതുവരെ തത്ക്കാലം പ്രത്യാക്രമണം നിർത്തിവെയ്ക്കണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്രായേലിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതേ സമയം, ഒരു കാരണവശാലും യുദ്ധത്തിൽനിന്ന് പിന്നോട്ട് പോവില്ലെന്നും ഹമാസിനെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. വെടിനിർത്തലിനു വേണ്ടിയുള്ള ആവശ്യം ഹമാസിനു മുന്നിൽ ഇസ്രായേൽ കിഴടങ്ങണമെന്ന ആവശ്യത്തിനു തുല്യമാണ്. അത് ഭീകരവാദത്തിന് മുന്നിൽ കീഴടങ്ങണമെന്ന ആവശ്യത്തിന് സമാനമാണെന്നും മൃഗീയതയ്ക്ക് മുന്നിൽ കീഴടങ്ങണമെന്ന ആവശ്യം പോലെയാണത്. അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രായേൽ ഇപ്പോൾ ഗാസയിൽ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles