Sunday, April 28, 2024
spot_img

പോലീസ് സ്‌റ്റേഷനുനേരെ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; ആക്രമണം പഞ്ചാബിൽ നിന്നുള്ള തൊഴിലാളികളെ ലക്ഷ്യംവച്ച്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു പോലീസുകാരനും നാല് തൊഴിലാളികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ടർബത്തിലുള്ള നാസിറാബാദിലായിരുന്നു ആക്രമണം നടന്നത്.

കൊല്ലപ്പെട്ട തൊഴിലാളികൾ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. മുഹമ്മദ് ഉസൈർ, ബഖർ അലി, ഷെഹബാസ് അഹമ്മദ്, ഷെഹസാദ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ടർബത്തിലെ ആശുപത്രിയിൽ ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. നിരായുധരായവർക്ക് നേരെ ആക്രമണം നടത്തുന്നത് തീർത്തും അപലപനീയമാണെന്നും ഇതിന് പിന്നിൽ ഭീകരരാണെന്നും പാകിസ്താനിലെ കാവൽ മന്ത്രി ജൻ അഛക്‌സായ് പ്രതികരിച്ചു.

ടർബത്തിൽ ഒക്ടോബർ മാസം നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പഞ്ചാബിൽ നിന്നുള്ള തൊഴിലാളികളെ ലക്ഷ്യംവച്ചാണ് ആക്രമണം. നേരത്തെയുണ്ടായ ഭീകരാക്രമണത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം ഉറങ്ങിക്കിടക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം.

Related Articles

Latest Articles