Wednesday, October 7, 2026

ചരിത്രമെഴുതി ഐഎസ്ആർഒ !തിരിച്ചിറക്കാനാകുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം സമ്പൂർണ്ണ വിജയം

തിരുവനന്തപുരം : തിരിച്ചിറക്കാനാകുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഐഎസ്ആർഒയുടെ(ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.

ഇന്നത്തെ പരീക്ഷണ വിജയത്തോടെ ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ ഓട്ടണോമസ് ലാൻഡിങ് നടത്തുന്ന ലോകത്തിലെത്തന്നെ ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ നേടി. ഇന്ന് രാവിലെ 7.10ന്, വിക്ഷേപണ വാഹനത്തെയും വഹിച്ച് ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ പറന്നുയർന്നു. സമുദ്രനിരപ്പിൽനിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പിൽബോക്സ് മാനദണ്ഡങ്ങൾ കൈവരിച്ച ശേഷം ഇന്റഗ്രേറ്റഡ് നാവിഗേഷൻ, ‍ഗൈഡൻസ് ആൻഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണ് ലാൻഡിങ് നടത്തിയത്.

7.40ന് വാഹനം ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ സ്വയം ലാൻഡിങ് പൂർത്തിയാക്കി. ബഹിരാകാശ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്ന ഗവേഷണങ്ങളിലെ പുതിയ നാഴികക്കല്ലാണ് ആർഎൽവി. ഇത് വരെ ഐഎസ്ആർഒ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളുടെ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ(റോക്കറ്റുകൾ) പുനരുപയോഗിക്കാൻ സാധിക്കാത്ത തരത്തിലായിരുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു.

Related Articles

Latest Articles