Tuesday, May 21, 2024
spot_img

ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ സുരേഷ് കുമാറിന്‍റെ കൊലപാതകം- സ്വവര്‍ഗ്ഗാനുരാഗവും പ്രതികാരവും മാത്രമോ? ഇത് ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ട കേസോ??

ഐ എസ് ആര്‍ ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സറിംഗ് സെന്‍റര്‍ ശാസ്ത്രജ്ഞനും മലയാളിയുമായ സുരേഷ് കുമാറിന്‍റെ മരണം സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തിലുണ്ടായ ഉലച്ചിലിനെ തുടര്‍ന്ന് ലൈംഗിക പങ്കാളി നടത്തിയ കൊലപാതകമാണെന്ന് ഹൈദരാബാദ് പോലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രതിയെ കസ്റ്റഡിയിലെടുത്തു.26 കാരനും ലാബ് ടെക്നീഷ്യനുമായ ശ്രീനിവാസ് എന്ന പ്രതിയില്‍ നിന്ന് സുരേഷിന്‍റെ ഫോണും മറ്റ് ചില വസ്തുക്കളും ലഭിക്കുകയും ചെയ്തത് പോലീസിന് തെളിവുമായിട്ടുണ്ട്.ലൈംഗിക ബന്ധത്തിന് കൂടുതല്‍ പ്രതിഫലത്തിനായി ശ്രീനിവാസ് നിര്‍ബന്ധിച്ചിരുന്നെന്നും അത് ലഭിക്കാത്ത സാഹചര്യത്തില്‍ സുരേഷിനെ തലയ്ക്ക് അടിച്ചുകൊന്നെന്നുമാണ് പോലീസ് ഭാഷ്യം.

ഒറ്റ നോട്ടത്തില്‍ വളരെ വ്യക്തമായി തെളിഞ്ഞ ഒരു കേസാണിതെന്നാണ് തോന്നുമെങ്കിലും കൊല്ലപ്പെട്ടത് ഒരു ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ആണെന്നത് തന്നെ കേസിലേക്ക് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നു.

കാരണം വ്യക്തമാണ്. ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞനല്ല സുരേഷ് കുമാര്‍.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ശാസ്ത്രലോകത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ദുരൂഹമരണങ്ങളും.
ഇന്ത്യന്‍ ശാസ്ത്രലോകത്തിന്‍റെ ആദ്യകാല ഗുരുക്കന്മാരായ ഡോ. ഹോമി ജെ ബാബയുടെ 1966ലെ വിമാനാപകടത്തിലെ മരണവും 1971ല്‍ കോവളത്ത് വച്ചുണ്ടായ ഡോ. വിക്രം സാരാഭായിയുടെ അപ്രതീക്ഷിത മരണവുമാണ് ഈ പരന്പരയിലെ ആദ്യ സംഭവങ്ങള്‍. വിക്രംസാരാഭായിയുടെ മരണത്തെ തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണങ്ങള്‍ ഒന്നുമുണ്ടായില്ലെന്ന് മാത്രമല്ല മൃതദേഹം പോസ്റ്റ് മോര്‍ട്ടം പോലും ചെയ്യാതെ കേരളത്തില്‍ നിന്ന് അയക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന വിക്രംസാരാഭായ് എങ്ങനെ പെട്ടെന്ന് ഹൃദയസ്തംഭനത്തില്‍ മരണടഞ്ഞെന്ന ചോദ്യവും ഇന്നും അവശേഷിക്കുന്നു.

ഇതുകൊണ്ട് തീര്‍ന്നില്ല. സര്‍ക്കാരിന്‍റെ കണക്കുകള്‍ അനുസരിച്ച് തന്നെ 2009-2013 കാലഘട്ടത്തില്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച ഇന്ത്യന്‍ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞരുടെ എണ്ണം പതിനൊന്നാണ്. ഈ കേസുകള്‍ ആത്മഹത്യമുതല്‍ കൊലപാതകം വരെയായി റിക്കാര്‍ഡ് ചെയ്യപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചു. ഇതില്‍ പല മരണങ്ങളുടെയും സാഹചര്യങ്ങള്‍ക്കും ശൈലികള്‍ക്കും സമാനതകള്‍ ഉണ്ടെന്ന് തെളിഞ്ഞെങ്കിലും കൂടുതല്‍ അന്വേഷണം ഉണ്ടായില്ല.
ഇന്ത്യന്‍ ആണവശാസ്ത്രജ്ഞരും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരും ഇത്തരം ദുര്‍മരണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

ഇന്ത്യാ ടൈംസ് പുറത്തുവിട്ട ഒരു കണക്ക് പ്രകാരം കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ഐ എസ് ആര്‍ ഒയ്ക്ക് നഷ്ടമായത് 684 പേരെയാണ്.

ഈ സാഹചര്യത്തിലാണ് സുരേഷ് കുമാറിന്‍റെ മരണവും വിലയിരുത്തപ്പെടേണ്ടത്. സ്വര്‍ഗാനുരാഗ കഥയും പണത്തെ കുറിച്ചുള്ള തര്‍ക്കവും ഒക്കെ കൂടുതല്‍ അന്വേഷണം തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാകാം. ഇനി സുരേഷും യുവാവുമായി സ്വവര്‍ഗ്ഗബന്ധവും പണമിടപാടും ഉണ്ടെങ്കില്‍ തന്നെ അത് അത് ഒരു കൊലപാതകത്തിനുള്ള കാരണമാകുമോയെന്ന ചോദ്യവും പ്രസക്തമാണ്. സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ പേരില്‍ ശ്രീനിവാസ് എന്ന യുവാവ് സുരേഷിനെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നെങ്കില്‍ ഭീഷണി ശ്രീനിവാസില്‍ നിന്ന് സുരേഷിനാണ് മറിച്ചല്ല. ഇനി അങ്ങനെ ബന്ധങ്ങള്‍ ഉണ്ടാക്കി പണം തട്ടുന്നയാളാണ് യുവാവെങ്കില്‍ പണം കിട്ടാതെയാകുന്പോള്‍ അടുത്ത ഇരയെ തപ്പിപ്പോകാനാണ് കൂടുതല്‍ സാധ്യത. അല്ലാതെ സ്വന്തം ജീവിതം കൂടി ഇരുട്ടിലാക്കി കൊല നടത്തുകയല്ല ചെയ്യുക.

ശ്രീനിവാസ് എന്ന യുവാവിന്‍റെ മൊഴി മാത്രം കണക്കിലെടുത്ത് കേസ് കോടതിയില്‍ എത്തിക്കാന്‍ ഹൈദരാബാദ് പോലീസിന് തിടുക്കമുണ്ടാകും. എന്നാല്‍ ശാസ്ത്രജ്ഞര്‍ മരിച്ചുവീഴുന്ന ഒരു രാജ്യത്ത് സുരേഷ് കുമാറിന്‍റെ മരണം ഇത്ര നിസ്സാരമായ തീരുമാനത്തില്‍ എത്തേണ്ട ഒരു കേസാണോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്

Related Articles

Latest Articles