Wednesday, May 22, 2024
spot_img

എന്‍.ഡി.എയുടെ ഉപരാഷ്‌ട്രപതി സ്‌ഥാനാര്‍ഥി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങെന്ന് സൂചന; പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌-ബി.ജെ.പി. ലയനം ഉടനെയോ?

ദില്ലി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്‌ എന്‍.ഡി.എയുടെ ഉപരാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയാകുമെന്നു സൂചന. ആരോഗ്യ സംബന്ധമായ പ്രശ്നനങ്ങളെ തുടർന്ന് ചികിത്സയ്ക്കായി അമരീന്ദർ ഇപ്പോൾ അമേരിക്കയിലാണ്. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌-ബി.ജെ.പി. ലയനം ഉണ്ടായേക്കുമെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ്‌ അമരീന്ദറുടെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കത്തെത്തുടര്‍ന്നാണ്‌ അമരീന്ദറിന്‌ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയേണ്ടി വന്നത്‌. പിന്നീട്‌ അദ്ദേഹം പാർട്ടി വിടുകയായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു.

പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലാണു മത്സരിച്ചത്‌. പട്യാലയില്‍നിന്ന്‌ അദ്ദേഹം നിയമസഭയിലേക്ക്‌ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. എന്നാൽ, എക്കാലവും നിഗമനങ്ങളെ കാറ്റില്‍പ്പറത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘത്തിന്റെ മനസ്സിൽ എന്താണെന്ന് അവസാനം മാത്രമേ അറിയാൻ കഴിയൂ. ഓഗസ്‌റ്റ്‌ ആറിനാണ്‌ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌. ഈ മാസം 19 ആണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

 

Related Articles

Latest Articles