ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമായി കരുതുന്ന സഖാക്കൾ പാർട്ടിയിലുണ്ടെന്ന് സി.പി.ഐഎം സംസ്ഥാന സമിതി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയിൽ പറയുന്നു. അധികാരത്തിലെത്തിയാൽ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ ഉണ്ടാവുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് കഴിയണമെന്നും സി.പി.ഐഎം സംസ്ഥാന സമിതി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ ആവശ്യപ്പെടുന്നു.
സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയിലാണ് പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട പദവിയിലെത്തിയാല്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി ഉള്‍പ്പെടെ വാങ്ങിക്കൊടുക്കുക അവകാശമായി കൊണ്ടു നടക്കുന്ന ചില സഖാക്കളുണ്ട്. അത് മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്നും രേഖയിൽ പറയുന്നു. പാർട്ടിയുടെ ഇത്തരം പ്രവണതകള്‍ തിരുത്തി പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം ഓരോ പാര്‍ട്ടി ഘടകങ്ങള്‍ക്കുമുണ്ടെന്നും രേഖ പറയുന്നുണ്ട്

