Tuesday, December 23, 2025

ചോദ്യത്തിനു കോഴ! മഹുവ മൊയ്ത്രയുടെ പാർലമെന്റ് ലോഗിൻ ഐഡി അമേരിക്കയിൽ നിന്നുൾപ്പെടെ ഉൾപ്പെടെ ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോർട്ട്

പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാർലമെന്റ് ലോഗിൻ ഐഡി ദുബായ്ക്കു പുറമെ മറ്റു പലയിടങ്ങളിൽനിന്നും ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇക്കാര്യം ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹുവ കൊൽക്കത്തയിലായിരുന്ന ദിവസം അമേരിക്കയിലെ ന്യൂജഴ്സി, ബെംഗളൂരു, ദില്ലി എന്നിവിടങ്ങിൽനിന്ന് പാർലമെന്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്തതായാണ് വിവരം. ‘ചോദ്യത്തിനു കോഴ’ വിവാദത്തിൽ മഹുവയ്ക്കു നേരെ ഉയർന്ന ആരോപണങ്ങളിൽ കുരുക്ക് മുറുകുന്നതാണു പുതിയ വിവരങ്ങൾ .

അതേസമയം മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കണമെന്ന ശുപാര്‍ശ, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നേരത്തെ അംഗീകരിച്ചിരുന്നു. നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തീരുമാനം അംഗീകരിച്ചത്. കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗറും മഹുവയെ പുറത്താക്കുന്നതിനെ അനുകൂലിച്ചവരിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോർട്ട് സ്പീക്കർ ഓം ബിർലയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. വരുന്ന ശൈത്യകാല സമ്മേളനത്തിൽ ഇത് പാർലമെന്റിൽ വച്ചേക്കും. ചർച്ചയ്ക്കു ശേഷമാകും മെഹുവയ്‌ക്കെതിരായ അച്ചടക്ക നടപടിയിൽ അന്തിമ തീരുമാനമുണ്ടാകുക.

മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിക്കുന്നുണ്ട്.

അനധികൃതമായി ഉപയോഗിക്കാൻ പാർലമെന്ററി യൂസര്‍ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പാർലമെന്റ് ലോഗിൻ ഐഡി, വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന് മഹുവ കുറ്റസമ്മതം നടത്തിയിരുന്നു.

മഹുവയുടെ പാർലമെന്റ് ഇമെയിൽ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചുവെന്ന അതി ഗുരുതരമായ കണ്ടെത്തൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് കൈകാര്യം ചെയ്തിരുന്നത് ദർശൻ ഹിര നന്ദാനിയുടെ സഹായിയാണെന്ന വിവരവും ഐടി മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.

അതേസമയം, എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ചോർന്നെന്ന് ആരോപിച്ച് മഹുവ സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചു. ലോക്സഭയുടെ എല്ലാ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണ് മഹുവ കത്തിൽ പരാമർശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു മാദ്ധ്യമ സ്ഥാപനത്തിന് എത്തിക്സ് കമ്മിറ്റിയുടെ കരടു റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നാണ് മഹുവയുടെ ആരോപണം.

Related Articles

Latest Articles