Sunday, October 25, 2026

വനിത ക്രിക്കറ്റ് ചരിത്രത്തിൽ മണി കിലുക്കം ; ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

മുംബൈ : ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ എ ടീമിനെ നയിക്കാൻ മലയാളി താരം മിന്നുമണി. അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ താരമാണ് മിന്നുമണി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ടീമിലെ ഏക മലയാളി സാന്നിധ്യവും മിന്നുമണിയാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ. സീനിയർ ടീമിന് വേണ്ടി കളത്തിലിറങ്ങിയ മൂന്ന് താരങ്ങളാണ് എ ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേൽ എന്നിവരാണ് മറ്റു രണ്ടുപേർ.

ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു വയനാട്ടുകാരിയായ മിന്നുമണി ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മിന്നുമണി അഞ്ച് വിക്കറ്റും നേടി. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരുന്നു മിന്നുമണി. കൂടാതെ, ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു.

Related Articles

Latest Articles