Sunday, May 5, 2024
spot_img

ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ പി ജയരാജൻ തന്നെ ! വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ

ബിജെപിയിൽ ചേരാൻ തയ്യാറായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ദില്ലിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാസുരേന്ദ്രന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

‘2023 ഏപ്രില്‍ 24-ാം തീയതി ശോഭാസുരേന്ദ്രന് ദില്ലിയിലേക്ക് പോകാന്‍ നന്ദകുമാര്‍ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്‌സാപ്പിലേക്കയച്ചത്‌. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകൻ എന്തിനാണ് എന്റെ വാട്‌സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാന്‍ കാണുന്നത് 2023 ജനുവരി 18-ാം തീയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് ഞാന്‍ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയില്‍ ചേരാന്‍ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായിട്ടുള്ള എനിക്ക് ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വം ചുമതല നല്‍കിയിട്ടുണ്ട്. അത് ഇനിയും തുടരും. ജയരാജന്‍ കേരളത്തില്‍ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രയും കാലം പറയാതിരുന്നത്.

പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്ന ചുതലയിലിരിക്കുന്ന ആളാണ് ഞാന്‍. പ്രധാനമന്ത്രിയുടെ വീട്ടിലും ഓഫീസിലും അപ്പോയിന്‍മെന്റ് കിട്ടിയ ആളാണ് ഞാന്‍. കെ. സുരേന്ദ്രനും ബിഎല്‍ സന്തോഷും തമ്മില്‍ തര്‍ക്കത്തിലാണെന്നാണ് നന്ദകുമാര്‍ ആരോപിച്ചത്. എന്നാല്‍, ഞങ്ങളുടെ ശരീരത്തില്‍ ഒഴുകുന്നത് ഒരേ ചോരയാണ്. പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ഞങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത് തീവ്രവാദികള്‍ക്കും മാഫിയകള്‍ക്കും എതിരായ ചോരയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞ ഭൂമിയല്ലാതെ ഒരു തുണ്ട് ഭൂമി ശോഭാസുരേന്ദ്രന്‍ വേറെയില്ല’ – ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിഹത്യ നടത്തിയ ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

“ഒരു സ്ത്രീയെ വ്യക്തിപരമായി അങ്ങേയറ്റം അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാര്‍ ശ്രമിച്ചത്. തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഡിജിപിക്കടക്കം നന്ദകുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.”- ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles