മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന പുതിയ ഗാനം ഏറെ ട്രോളുകൾക്ക് വഴിവയ്ക്കുമ്പോൾ ഗാനത്തേയും ആൽബത്തേയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റില്ലെന്നാണ് ഇ പി ജയരാജൻ പറയുന്നത്. ഇതോടെ പിണറായിയെ സ്തുതിച്ചുള്ള ഗാനത്തെ തള്ളിപ്പറയാൻ ഇപി ജയരാജനു പോലും ധൈര്യമില്ല എന്നത് വ്യക്തമാണ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പാട്ട് എന്നാൽ ചില ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം വിമർശനവും നേരിടുകയാണ്. കാരണം, പി ജയരാജനെ ചെന്തരാകമാക്കിയ പിജെ ആർമിയുടെ പുകഴ്‌ത്തലുകളെ മുന്നിൽ നിന്നും എതിർത്തത് പിണറായിയാണ്. വിഷയം എകെജി സെന്ററിൽ പോലും ചർച്ചയായി. പിജെ ആർമി എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിച്ച വീഡിയോയുടെ പേരിൽ വലിയ വിമർശനമുണ്ടായിരുന്നു. വ്യക്തിപൂജ ആരോപിച്ച് അന്ന് സിപിഎം നടപടിയെടുക്കുകയും ചെയ്തു. ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ പിണറായിയെ പുകഴ്‌ത്തിയ ഗാനത്തിന് പിന്നിൽ സിപിഎം പ്രവർത്തകരായതിനാൽ തന്നെ അവർക്കാർക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ല. തൽകാലം സിപിഎമ്മിൽ പിണറായിയാണ് ഏക നേതാവ് എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അതുകൊണ്ട് തന്നെ ഗോവിന്ദനും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്റെ രംഗപ്രവേശം. തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാർട്ടി പ്രവർത്തനവും വീഡിയോ ഗാനത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമർശനത്തോടെയാണ് പാട്ടിന്റെ തുടക്കം.
അതേസമയം, കാരണഭൂതനെ ആദ്യം ദൈവവാവതാരമാക്കിയത് മന്ത്രി വിഎൻ വാസവനായിരുന്നു. ദൈവം നൽകിയ വരം പോലെ പിന്നാലെ തുറമുഖമെന്ന വകുപ്പ് കൂടി വാസവന് കിട്ടി. ദൈവ പ്രീതിയിൽ കിട്ടുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്ന സമ്മാനത്തിന് സമാനായി വാസവന് തുറമുഖ വകുപ്പ് കിട്ടിയതിനെ കാണുന്നവരുമുണ്ട്. ഏതായാലും അതിനെ വ്യക്തിപൂജയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കണ്ടത്. മാധ്യമങ്ങളോട് അങ്ങനെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഏതായാലും പിണറായി ഫാൻസ് രണ്ടും കൽപ്പിച്ചാണ്. പിജെ ആർമിയേക്കാൾ കരുത്ത് അവർക്കുണ്ട്. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വവും ഈ വ്യക്തിപൂജ കണ്ടില്ലെന്ന് നടിക്കും. ഇതിന് തെളിവാണ് ഇപിയുടെ നിലപാട് വിശദീകരണവും. അതേസമയം, പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും വാഴ്‌ത്തി ചിത്രീകരിച്ച ഗാനം ‘കേരള സിഎം’ എന്ന തലക്കെട്ടോടെയാണ് യൂട്യൂബിൽ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വ്യക്തിപൂജ. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിന്റെ വരികൾ കൗതുകവും ചിരിയുമുണർത്തുന്നതുമാണ്. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് ഗാനത്തിൽ പിണറായിക്കുള്ള മറ്റൊരു വിശേഷണം. തീയിൽ കുരുത്തൊരു കുതിരയെ…കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ…മണ്ണിൽ മുളച്ചൊരു സൂര്യനെ…മലയാള നാടിൻ മന്നനെ…എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികൾ പോകുന്നത്. എന്നാൽ നിരവധിപേരാണ് പരിഹാസവുമായി രംഗത്തെത്തുന്നത്. ആ പ്രത്യേക ആക്ഷനും വാളുകളുടെ ഇടയിലൂടെ നടക്കുന്നതും കളിത്തോക്കിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സീനും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനേ, ചിരിച്ച് ചിരിച്ച് ഒരു വഴിയായി. വിജയനെ പറ്റി ഇനിയും ഇതുപോലത്തെ കുറെ കലാസൃഷ്ടികൾ വേണം. ഇനി ഇറക്കുമ്പോൾ മരുമകനെ പറ്റി പാട്ടിൽ ചേർക്കണം അപ്പോൾ പൊളിയാണ്. ഈ പാട്ടിന്റെ കുറവും കൂടെ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാം ആയി. ആ ഇരുമ്പ് കസേരയുടെ കാര്യം കൂടെ ഉൾപ്പെടുത്തണമായിരുന്നു അങ്ങനെ പോകുന്നു കമന്റുകൾ.

