Sunday, May 12, 2024
spot_img

രണ്ടര വയസുകാരിയെ കാണാതായിട്ട് 10 മണിക്കൂർ പിന്നിട്ടു! പുരോഗതിയില്ലാതെ അന്വേഷണം; പോലീസിനെ കുഴപ്പിച്ച് സഹോദരങ്ങളുടെ മൊഴി; മേരിക്കായി വ്യാപക തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും രണ്ടരവയസുകാരിയെ കാണാതായിട്ട് 10 മണിക്കൂർ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാതെ പോലീസ് നെട്ടോട്ടമോടുന്നു. തിരുവനന്തപുരം പേട്ട ഓള്‍ സെയിന്‍റ്സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടരവയസുകാരി മകള്‍ മേരിയെയാണ് കാണാതായത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുഞ്ഞിയുടെ സഹോദരങ്ങളുടെ മൊഴിയിലെ വൈരുദ്ധ്യവും പോലീസിനെ കുഴപ്പത്തിലാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 നും 1 നും ഇടയിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് എഫ്‌ഐആർ. കുഞ്ഞിനെ മഞ്ഞ സ്‌കൂട്ടറിൽ എത്തിയവർ ചോക്ലേറ്റ് കാണിച്ച് എടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു മൂത്ത സഹോദരൻ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ഞ സ്‌കൂട്ടർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടന്നിരുന്നത്. എന്നാൽ താൻ സംഭവം നേരിട്ടു കണ്ടില്ലെന്നും ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നും കുട്ടി മൊഴിമാറ്റി. ഇതിന്റെ അടിസ്ഥാനത്തിൽ ഇളയ സഹോദരനെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ താൻ സംഭവം കണ്ടിട്ടില്ലെന്നും മാതാവ് ബഹളം വച്ചപ്പോഴാണ് സഹോദരിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നുമായിരുന്നു ഈ കുട്ടി പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് വീണ്ടും ധർമ്മ സങ്കടത്തിലായി.

ബന്ധുക്കളുടെ മൊഴികൾ മാത്രമായിരുന്നു പോലീസിന് ആകെ ലഭിച്ച തുമ്പ്. എന്നാൽ ഇതിലെ വൈരുദ്ധ്യം പോലീസിനെ കുഴക്കുന്നുണ്ട്. നിലവിൽ നഗരത്തിന്റെ മുക്കിലും മൂലയിലും കുട്ടിയ്ക്കായി പോലീസ് ഊർജ്ജിത തിരച്ചിൽ നടത്തുന്നുണ്ട്. കുട്ടിയുമായി പോകാൻ സാദ്ധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ അമർദീപ്- റബീന ദേവി എന്നിവരുടെ കുഞ്ഞായ മേരിയെയാണ് തട്ടിക്കൊണ്ട് പോയത്. കാണാതായ കുഞ്ഞിന് ഹിന്ദി മാത്രമേ സംസാരിക്കാൻ അറിയൂ എന്നാണ് പോലീസ് അറിയിക്കുന്നത്.

Related Articles

Latest Articles