മുംബൈ: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് (RSS Headquarters)സുരക്ഷ ശക്തമാക്കി പോലീസ്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നടപടി. ആസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പാക് ഭീകരർ നിരീക്ഷണം നടത്തിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് നാഗ്പൂരിൽ എത്തിയത്. ഒരു മാസം മുൻപായിരുന്നു സംഭവം.
പ്രദേശത്ത് ഏതാനും ദിവസങ്ങൾ താമസിച്ച ഭീകരർ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഭീകരർ ലക്ഷ്യമിട്ടതിൽ ആർഎസ്എസ് ആസ്ഥാനവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ ആണ് സുരക്ഷ വർധിപ്പിച്ച വിവരം അറിയിച്ചത്. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് ആസ്ഥാനത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മറ്റ് സുരക്ഷാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

