കോഴിക്കോട് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ തന്നെ വിജയിക്കുമെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ കെ.മുരളീധരൻ. പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചരണമാണെന്നും ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും നൽകിയെന്നും വ്യക്തമാക്കിയ അദ്ദേഹം എൽഡിഎഫിനു മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും അത് ജനം തള്ളുമെന്നും പറഞ്ഞു. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസിന് അപ്പനോടും മകനോടും തോറ്റു എന്ന പേരു ലഭിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.
‘‘കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല. ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളിൽനിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ട്. ഈ വിവാദം അതുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. വരുമാനം മറച്ച് വച്ചാൽ അയോഗ്യത ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. വീണയ്ക്കു ലഭിച്ച പണം ആദായനികുതി വകുപ്പ് റിട്ടേണിൽ കാണിച്ചിട്ടുണ്ടോ? വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തത്. ആദായനികുതി വകുപ്പാണ് ഇത് അന്വേഷിക്കേണ്ടത്’’ – കെ.മുരളീധരൻ പറഞ്ഞു.

