Thursday, January 8, 2026

ചരിത്രതീരുമാനം ഇന്നു നടപ്പാകും: ജമ്മു കശ്മീരും ലഡാക്കും ഇന്നുമുതല്‍ കേന്ദ്രഭരണപ്രദേശങ്ങള്‍

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനേത്തുടര്‍ന്ന്, സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച ചരിത്രതീരുമാനം ഇന്നു നടപ്പാകും. രാജ്യത്തു പുതുതായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാണ് ഇന്നു സ്ഥാപിതമാകുന്നത്.

ജമ്മു കശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മു ഉച്ചകഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗുജറാത്തില്‍നിന്നുള്ള 1985 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണു മുര്‍മു. ലഡാക്കിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാത്തുര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്യും. 1977 ത്രിപുര ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു മാത്തുര്‍.

മുര്‍മു കേന്ദ്ര എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായും മാത്തുര്‍ മുഖ്യ വിവരാവകാശ കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ദില്ലി, ഗോവ, അരുണാചല്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍നിന്നു സ്ഥലംമാറ്റപ്പെട്ട കേന്ദ്ര കേഡര്‍ ഉദ്യോഗസ്ഥര്‍ നാളെ മുതല്‍ ജമ്മു കശ്മീരിലും ലഡാക്കിലും ചുമതലയേല്‍ക്കും.

Related Articles

Latest Articles