Thursday, May 23, 2024
spot_img

നിലപാട് മയപ്പെടുത്തി ശിവസേന. മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം ഉണ്ടാകില്ല

മുംബൈ; മഹാരാഷ്ട്രയില്‍ നിലപാട് മയപ്പെടുത്തി ശിവസേന. മുഖ്യമന്ത്രി പദവി വേണമെന്ന വാശി ശിവസേന ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദവി തുല്യമായി പങ്കിടണമെന്ന ആവശ്യം ഇനി ഉന്നയിക്കില്ലെന്നാണ് ശിവസേന നല്‍കുന്ന സൂചന എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ മാനിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. അധികാരം പങ്കിടല്‍ ഫോര്‍മുലയ്ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം ശരിയായ സമയത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാട് മയപ്പെടുത്തി എന്നാണ് സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതു മുതല്‍ അധികാരം പങ്കിടല്‍ ഫോര്‍മുല ഉയര്‍ത്തിക്കാട്ടി ശിവസേന കടുത്ത നിലപാട് എടുത്തതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചത്. അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപി വ്യക്തമായ ഒരു മറുപടിയും നല്‍കിയിരുന്നില്ല. അതേസമയം ശിവസേനയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പിന്നാമ്പുറങ്ങളിലൂടെ ബിജെപി സജീവ അനുനയ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവ സേനയ്ക്ക് ബിജെപി 14 ക്യാബിനെറ്റ് പദവി നല്‍കാന്‍ തയാറായിട്ടുണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ശിവസേന ആവശ്യപ്പെടുന്നത് 18 മന്ത്രിമാരേയാണ്. ഇതിനു പുറമെ സുപ്രധാന വകുപ്പുകളും വേണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരവും നഗര വികസനവും ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. റെവന്യൂ, ധനകാര്യം, പൊതുമാരമത്ത് തുടങ്ങിയ പ്രധാന വകുപ്പുകള്‍ ശിവ സേനയ്ക്കു നല്‍കുന്ന കാര്യം ബിജെപി ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളും രംഗത്തുണ്ട്. ശിവ സേനയ്ക്കു വേണമെങ്കില്‍ ഉപമുഖ്യമന്ത്രി പദവി നല്‍കാമെന്ന നിര്‍ദേശവും ബിജെപി മുന്നോട്ടു വച്ചിരുന്ന.

2014ല്‍ ബിജെപി-ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിക്ക് 26 മന്ത്രിമാരും ശിവ സേനയ്ക്ക് 13ഉം മറ്റു ഘടകകക്ഷികള്‍ക്ക് നാലും മന്ത്രി പദവികളാണ് നല്‍കിയിരുന്നത്. മഹാരാഷ്ട്രയില്‍ പരമാവധി 43 മന്ത്രിമാര്‍ക്കെ സാധ്യതയുള്ളൂ. ഇത്തവണ ബിജെപിക്ക് 21, ശിവനസേന 18, സഖ്യകക്ഷികള്‍ നാല് എന്നിങ്ങനെയാണ് ശിവ സേന മുന്നോട്ടു വച്ചത്. എന്നാല്‍ ബിജെപി ഇതിനു ഒരുക്കമല്ല. ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Related Articles

Latest Articles