Wednesday, April 24, 2024
spot_img

ജമ്മുകശ്മീരിലെ ഷോപിയാനയിൽ ഭീകരൻ സുരക്ഷാ സേനയെ ഭയന്ന് മദ്രസയിൽ കയറി ഒളിച്ചു: എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയോടെ രണ്ട് വിദ്ധ്യാർത്ഥികളെ മനുഷ്യകവചമാക്കി; കൊടും ഭീകരൻ ഹനീസിനെ സുരക്ഷാ സേന വധിച്ചത് അതിസാഹസികമായി

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനയിലുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരനെ വധിച്ചത് അതിസാഹസികമായെന്ന് വ്യക്തമാക്കി സുരക്ഷാ സേന. വധിക്കപ്പെടുമെന്നായപ്പോൾ മദ്രസയിൽ കയറി ഒളിച്ച ജെയ്‌ഷെ ഭീകരൻ ഹനീസ് സുരക്ഷാ സേനയിൽ നിന്നും രക്ഷപ്പെടാൻ രണ്ട് മദ്രസ വിദ്ധ്യാർത്ഥികളെയും മനുഷ്യ കവചമാക്കി. നിർണായക നീക്കത്തിലൂടെ കുട്ടികളെ സുരക്ഷിതരാക്കിയ ശേഷമാണ് ഭീകരനെ വധിച്ചതെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെയായിരുന്നു ഷോപിയാനയിലുണ്ടായ ഏറ്റുമുട്ടലിൽ ഹനീസിനെ വധിച്ചത്. ഷോപിയാനിലെ വാലിദ് ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി കശ്മീർ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരം ഉടൻ തന്നെ പോലീസ് സൈന്യത്തിനെ അറിയിച്ചു. തുടർന്ന് പോലീസും സൈന്യവുമടങ്ങുന്ന സംയുക്ത സംഘം പുലർച്ചെ ഷോപിയാനിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു.

ആരംഭഘട്ടം മുതൽ വലിയ ശ്രദ്ധയായിരുന്നു സൈനികർ പുലർത്തിയിരുന്നത്. രക്ഷപ്പെടാൻ സാദ്ധ്യതയുള്ള ഓരോ പഴുതും സുരക്ഷാ സേന അടച്ചിരുന്നു. പ്രദേശത്തെ മദ്രസയ്‌ക്കുള്ളിലായിരുന്നു ഹനീസ് ഉണ്ടായിരുന്നത്. സുരക്ഷാ സേനയെത്തുമ്പോൾ അദ്ധ്യാപകരും 31 വിദ്ധ്യാർത്ഥികളും മദ്രസയിൽ ഉണ്ടായിരുന്നു. ഇവർക്ക് ഒരു പോറൽ പോലും പറ്റാതിരിക്കാൻ സുരക്ഷാ സേന പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.

സുരക്ഷാ സേന എത്തിയെന്ന് മനസ്സിലാക്കിയ ഹനീസ് 11 വയസ്സുള്ള രണ്ട് വിദ്ധ്യാർത്ഥികളെ കെട്ടിടത്തിന്റെ തൂണിൽ കെട്ടിയിട്ടു. സുരക്ഷാ സേനയെത്തുമ്പോൾ ഇവരെ ഉപയോഗിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ ഇത് മനസ്സിലാക്കിയ സുരക്ഷാസേന ക്ഷമയോടെ പുറത്ത് കാത്തിരിക്കുകയായിരുന്നു.

രാവിലെ 6.10 ആയപ്പോൾ സുരക്ഷാ സേന പുറത്തുണ്ടെന്ന് മനസ്സിലാക്കിയ ഹനീസ് വെടിയുതിർക്കാൻ ആരംഭിച്ചു. ഇതോടെ സുരക്ഷാ സേനയും ശക്തമായ തിരിച്ചടി നൽകി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഇയാളെ വധിക്കുകയായിരുന്നു. ഇതിന് പിന്നാലെ മദ്രസയ്‌ക്കുള്ളിൽ എത്തിയ സുരക്ഷാ സേന ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ച് രക്ഷിതാക്കൾക്കും കൈമാറി.

Related Articles

Latest Articles