വിളിച്ചു വരുത്തി പണി വാങ്ങിക്കുക എന്നൊക്കെ പറയില്ലേ അത് ഇതാണ്…. പറഞ്ഞു വരുന്നത് ധനമന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിൽ, കാർഷികോത്സവത്തിൽ പങ്കെടുക്കവെ നടൻ ജയസൂര്യ നടത്തിയ കിടിലൻ പ്രസംഗത്തെ പറ്റിയാണ്. മന്ത്രി പി രാജീവ്, കൃഷിമന്ത്രി പി പ്രസാദ് എന്നിവരെ വേദിയിലിരുത്തിയാണ് താരം വാരിയലക്കിയത്.
തിരുവോണ നാളിൽ കൃഷിക്കാർ പട്ടിണി സമരം കിടക്കുന്നതും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി, കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തി പൊരിച്ചിരിക്കുകയാണ് ജയസൂര്യ. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നാണ് ജയസൂര്യ പ്രധാനമായും വിമർശിച്ചത്.
ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. അതുപോലെ
കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കർഷകർ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുതെന്നും താരം വ്യക്തമാക്കി. കൂടാതെ, പുതിയ തലമുറയിലെ ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസവും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് മക്കൾ എങ്ങനെയാണ് സാർ, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കർഷകരുടെ പ്രശ്‌നത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്നും ജയസൂര്യ വ്യക്തമാക്കി.

