കോട്ടയം: നാല് വർഷങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജസ്‌ന മരിയ ജെയിംസിന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ഊർജ്ജിതമാക്കി സിബിഐ. ഇതിനായി ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. ജസ്‌നയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വളരെ പ്രധാനപ്പെട്ട തെളിവുകൾ വിദേശ രാജ്യങ്ങളിലെ ഇന്റർപോളിന് സിബിഐ കൈമാറി. എന്നാൽ ഇതുവരെയും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് വിവരം.
2018 മാർച്ച് 22നാണ് ജെസ്ന മരിയയെന്ന 20 കാരിയെ കാണാതാകുന്നത്. പല അന്വേഷണ ഏജൻസികളും മാറി മാറി അന്വേഷിച്ചിട്ടും ജസ്‌നയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
2018 മാർച്ച് 22ന് ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട് വിട്ട് ഇറങ്ങിയത്. തുടർന്ന് കാണാതാവുകയായിരുന്നു. വെച്ചൂച്ചിറ പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ കേസന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കും സിബിഐയിലേക്കും എത്തി.

