റാഞ്ചി: ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇൻഡി മുന്നണിയ്ക്ക് വൻ തിരിച്ചടി. രണ്ട് സീറ്റുകളിലേക്ക് നടന്ന ശക്തമായ പോരാട്ടത്തിൽ ഒരു സീറ്റിൽ ഭരണകക്ഷിയായ ജെ.എം.എം വിജയിച്ചപ്പോൾ, രണ്ടാമത്തെ സീറ്റിൽ എൻ.ഡി.എ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി അട്ടിമറി വിജയം നേടി. ഭരണപക്ഷത്തെ എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതാണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായുടെ കനത്ത തോൽവിക്ക് കാരണമായത്. കൃത്യമായ ഭൂരിപക്ഷമുണ്ടായിട്ടും സഖ്യത്തിനുള്ളിലെ വിള്ളലുകൾ മുൻകൂട്ടി കണ്ട് കരുക്കൾ നീക്കിയ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇവിടെ വിജയം കണ്ടത്.
ആകെ 81 അംഗങ്ങളുള്ള ജാർഖണ്ഡ് നിയമസഭയിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 28 ഒന്നാം മുൻഗണനാ വോട്ടുകളാണ് ആവശ്യമായിരുന്നത്. നിയമസഭയിൽ 56 എംഎൽഎമാരുടെ വ്യക്തമായ പിന്തുണയുണ്ടായിരുന്ന ‘ഇൻഡി’ മുന്നണിയുടെ രണ്ട് സീറ്റുകളിലും എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുമായിരുന്നു. സഖ്യധാരണപ്രകാരം ഒരു സീറ്റിൽ ഝാർഖണ്ഡ് മുക്തി മോർച്ചയും (JMM) രണ്ടാമത്തെ സീറ്റിൽ കോൺഗ്രസുമാണ് മത്സരിച്ചത്. എന്നാൽ, ഭരണപക്ഷത്ത് ഭിന്നതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി, തങ്ങൾക്ക് കേവലം 24 എം.എൽ.എമാർ മാത്രമുണ്ടായിട്ടും സ്വതന്ത്ര സ്ഥാനാർത്ഥിയായി പരിമൾ നത്വാനിയെ രംഗത്തിറക്കുകയായിരുന്നു.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൻഡിഎ പിന്തുണച്ച പരിമൾ നത്വാനി കൃത്യമായി 28 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു. ജെഎംഎമ്മിന്റെ ബൈദ്യനാഥ് റാം 30 വോട്ടുകൾ നേടി സുരക്ഷിതമായി ജയിച്ചുകയറിയപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്ക്ക് കേവലം 20 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പോൾ ചെയ്തതിൽ മൂന്ന് വോട്ടുകൾ അസാധുവാകുകയും ചെയ്തു. കോൺഗ്രസ് ക്യാമ്പിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും വൻതോതിൽ വോട്ടുകൾ ചോർന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ജെഎംഎം, ആർജെഡി, ഇടതുപക്ഷ പാർട്ടികൾ എന്നിവരുടെ പാളയത്തിൽ നിന്നുള്ള വോട്ടുകൾ എൻഡിഎ പിന്തുണച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചുവെന്നാണ് സൂചന. സ്വന്തം മുന്നണിയിലെ വോട്ടുകൾ ചോർന്നത് വരും ദിവസങ്ങളിൽ ജാർഖണ്ഡ് സർക്കാരിനുള്ളിലും വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

