ദില്ലി: അഫ്ത്താബ് അമീർ എന്ന മനോരോഗിയുടെ പ്രണയക്കെണിയിൽ വീണ് ക്രൂരമായ കൊലപാതകത്തിനിരയായ ശ്രദ്ധ വാൾക്കർ വർഷങ്ങളായി ലിവ് ഇൻ പങ്കാളിയുടെ കൊടിയ മർദ്ദനം സഹിച്ചിരുന്നതായി സൂചന. മുഖത്താകെ മുറിവുകളുമായി നിൽക്കുന്ന ശ്രദ്ധയുടെ ചിത്രം ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ചിത്രത്തിൽ ശ്രദ്ധയുടെ മൂക്കിനും ചുണ്ടിനും ഗുരുതരമായ മുറിവുകൾ കാണാം. ഇത് അഫ്ത്താബിൽ നിന്നേറ്റ മർദ്ദനം കാരണമാകാം എന്നാണ് സൂചന. 2020 ൽ എടുത്ത ചിത്രമാണിത്. അതേസമയം 2020 ഡിസംബറിൽ മുംബൈയിലെ വസായിയിലുള്ള ഒരു ആശുപത്രിയിൽ നടുവേദനയ്ക്ക് ശ്രദ്ധ ചികിത്സ തേടിയതിന്റെ രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. മൂന്നു ദിവസം ആശുപത്രിയിൽ ഇതിനായി അഡ്‌മിറ്റ് ചെയ്തിട്ടുമുണ്ട്. ഇത് മർദ്ദനം കാരണമുള്ള പരിക്കായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ദില്ലിയിലേക്ക് പോകും മുമ്പ് മുംബൈയിലെ വസായിയിലായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ദില്ലി പൊലീസിലെ അഞ്ചംഗ അന്വേഷണ സംഘം ഇവരുടെ മുംബൈയിലെ താമസസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ദില്ലിയിലും തെളിവെടുപ്പ് തുടരുകയാണ്. മെഹ്റുലി വനപ്രദേശത്ത് മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു. അഫ്ത്താബിന്റെ മൊഴിപ്രകാരം ഈ വനപ്രദേശത്താണ് പലദിവസങ്ങളിലായി ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചത്. അഫ്ത്താബ് ജോലി ചെയ്തിരുന്ന ഗുരുഗ്രാമിലെ ഓഫീസിലും തെളിവെടുപ്പ് നടത്തും. കഴിഞ്ഞ മേയ് 18 നാണ് അഫ്ത്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തത്. അതിനു ശേഷം പല ദിവസങ്ങളായി മൃതദേഹ ഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. അഫ്ത്താബും ശ്രദ്ധയും ലിവ് ഇൻ ബന്ധത്തിലായിരുന്നു. രക്ഷിതാക്കളുമായി അകന്നു കഴിഞ്ഞിരുന്ന ശ്രദ്ധയുടെ കൊലപാതകം പുറത്തറിഞ്ഞത് മാസങ്ങൾക്ക് ശേഷമാണ്.

