Sunday, May 19, 2024
spot_img

നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ജോൺ ബ്രിട്ടാസ് കത്തയച്ചു.

തിരുവനന്തപുരം; നേമം ടെർമിനലിന്റെ കാര്യത്തിൽ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത് എന്ന് ജോൺ ബ്രിട്ടാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നിരന്തരമായി ഇക്കാര്യം ഉന്നയിച്ചതുകൊണ്ടും രാജ്യസഭാ ചെയർമാന് പരാതി നല്കിയതുകൊണ്ടുമാണ് പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാൻ റെയിൽവേ തയ്യാറായത്.

പദ്ധതി ഒരു പതിറ്റാണ്ടിനു മുമ്പ് പ്രഖ്യാപിച്ചതാണ്. തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാനുള്ളതാണ് പദ്ധതി. 2011-12 ലെ റെയിൽവേ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. നേമത്ത് ഒരു ടെർമിനസ് സ്റ്റേഷൻ എന്ന നിലയിൽ ഉപ ടെർമിനൽ ഉണ്ടാക്കാനുള്ളതാണ് പദ്ധതി. കോച്ച് പരിപാലനമാകെ നേമത്തേയ്ക്കു മാറ്റുന്നതും വിഭാവനം ചെയ്തിരുന്നു.

തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലും ഉള്ള പ്ലാറ്റ്ഫോം സൗകര്യങ്ങൾ അപര്യാപ്തമെന്നു കണ്ടാണ് പദ്ധതി പരിഗണിച്ചത്. തിരുവനന്തപുരം സെൻട്രൽ കഴിവിനേക്കാൾ രണ്ടര ഇരട്ടിയോളം തീവണ്ടികൾ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം–കൊച്ചുവേളി പാത പലപ്പോഴും സ്തംഭിക്കുന്നു. ചെന്നൈ ബേസിൻ ബ്രിഡ്ജ് കോച്ചിംഗ് ഡിപ്പോയെ മാതൃകയാക്കി, 30 തീവണ്ടികൾക്ക് ഇടം നല്കും വിധം10 പിറ്റ് ലൈനുകളും 12 സ്റ്റേബ്ളിംഗ് ലൈനുകളും സിക്ക് ലൈനുകളും ഒരുക്കാനായിരുന്നു പദ്ധതി എന്നു മനസ്സിലാക്കുന്നു.

നിരവധി വർഷങ്ങളുടെ കാലതാമസത്തിനു ശേഷം പദ്ധതി 2018-19ൽ റെയിൽവേ അംബ്രലാ വർക്കിന്റെ ഭാഗമാക്കി. അതനുസരിച്ച് റെയിൽവേ മന്ത്രി 2019 മാർച്ച് ഏഴിന് തറക്കല്ലും ഇട്ടു. എന്നാൽ പദ്ധതി രേഖ അന്തിമമാക്കുന്നത് പിന്നെയും വൈകി.

ടെർമിനൽ നിർമ്മാണം അകാരണമായി വൈകുന്നതിനെക്കുറിച്ച് രാജ്യസഭയിൽ നിരവധി തവണ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പദ്ധതി രേഖ പരിഗണനയിൽ എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരുന്നു റെയിൽവേയുടെ ഭാഗത്തുനിന്നു വന്നത്. തറക്കല്ലിട്ട പദ്ധതി എന്നു തുടങ്ങുമെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാത്തത് രാജ്യസഭാംഗത്തിനുള്ള അവകാശങ്ങളുടെ നിഷേധമാണെന്നു ചൂണ്ടിക്കാട്ടി സഭാദ്ധ്യക്ഷനു പരാതി നല്കി. ഇതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സഭാദ്ധ്യക്ഷൻ വ്യക്തമായ മറുപടി നല്കണമെന്ന് റെയിൽവേയോടു നിർദ്ദേശിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

തിരുവനന്തപുരം സെൻട്രലിന്റെ ഉപ ടെർമിനലായി കൊച്ചുവേളി ഉള്ള സ്ഥിതിക്ക് നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 30.05.2022ലെ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന എംപിയെ അറിയിക്കുകയാണ് റെയിൽവേ ചെയ്തത്.

ഈ സാഹചര്യത്തിലാണ് തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി. മന്ത്രിക്കു കത്തയച്ചത്.

Related Articles

Latest Articles