ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും ഇൻഡസ് സ്ക്രോൾസ് പ്രസാധന ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജി. ശ്രീദത്തനെ ഈ വർഷത്തെ ‘അടൽ ഭാഷാ സേവാ സമ്മാൻ’ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ഇന്ത്യൻ ഭാഷകളുടെ പ്രചാരണം, സംരക്ഷണം, പ്രോത്സാഹനം എന്നിവയിൽ അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചാണ് ഈ ബഹുമതി. പ്രമുഖ ഹിന്ദി സാഹിത്യകാരൻ രാഷ്ട്രകവി രാമധാരി സിംഗ് ‘ദിനകർ’ സ്മൃതി ന്യാസ് ആണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
മുൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ഡോ. മുരളി മനോഹർ ജോഷിയുടെ അധ്യക്ഷതയിൽ 2026 മാർച്ച് 20-ന് ന്യൂഡൽഹിയിലെ ടാൽകട്ടോര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ദേശീയ തലസ്ഥാനം കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടോളമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമാണ് പത്തനംതിട്ട തട്ട സ്വദേശിയായ ജി. ശ്രീദത്തൻ.
ദേശീയ അന്തർദേശീയ മാധ്യമരംഗത്ത് ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച അദ്ദേഹം പയനീർ, ഹിന്ദുസ്ഥാൻ ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ്, ഓർഗനൈസർ എന്നീ പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) ഗസ്റ്റ് ലെക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ ചാനലുകളിൽ സ്ഥിരം പാനലിസ്റ്റായ അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങൾ അടങ്ങിയ കോളങ്ങൾ ഹിന്ദി, ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്.
മികച്ചൊരു എഴുത്തുകാരൻ കൂടിയായ ശ്രീദത്തൻ ‘വെസ്റ്റേൺ പൊളിറ്റിക്കൽ തോട്സ് ആൻഡ് തീയറീസ്’, ‘ഡബ്ലിങ് ഡ്രീംസ്’ (രൂപാ പുബ്ലിക്കേഷൻസ്), ‘പ്രിൻസിപ്പൽസ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ്’ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ബിന്ദു ശ്രീദത്തനാണ് ഭാര്യ. ഗൗരി എസ്. നായർ, അദിതി എസ്. നായർ എന്നിവർ മക്കളാണ്.

