ദില്ലി: ജീവകാരുണ്യ പ്രവർത്തന ഫണ്ട് തട്ടിയതിന് പ്രമുഖ വനിത മാധ്യമ പ്രവർത്തക റാണ അയൂബിനെതിരെ കേസെടുത്ത് യു.പി പോലീസ്. ഹിന്ദു ഐ.ടി സെൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാസിയാബാദ് പോലീസ് റാണയ്ക്കെതിരെ കേസെടുത്തത്.
ജീവകാരുണ്യ പ്രവർത്തന ഫണ്ട് വെട്ടിപ്പിനു പുറമെ റാണ അയൂബിനെതിരെ വഞ്ചന, കള്ളപ്പണ ഇടപാട്, തുടങ്ങിയ കേസുകൾ കൂടി ചേർത്താണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസം, ബീഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരെയും പ്രളയബാധിതരെയും സഹായിക്കാൻ പണം പിരിച്ചുവെന്നും അതിൽ ക്രമക്കേടുണ്ടെന്നുമാണ് പരാതിയിൽ ഹിന്ദു ഐ.ടി സെൽ ആരോപിച്ചിരിക്കുന്നത്. എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഓൺലൈനായി ഫണ്ട് പിരിച്ചത് സർക്കാരിന്റെ അനുമതി കൂടാതെയുമായായിരുന്നു.
ഈ പരാതികളിൽ അന്വേഷണത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ഗാസിയാബാദിൽ 72കാരനായ വയോധികനെ തട്ടിക്കൊണ്ടു പോകുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ മടിച്ചതിന് താടി മുറിക്കുകയും ചെയ്തതിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നതിന് റാണ അയൂബിനെതിരെ ഐ.ടി നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും റാണയ്‌ക്കെതിരെ പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്.എന്നാൽ കേസ് അന്വേഷിച്ച് റാണയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിന് ശേഷം നിയമനടപടികൾ സ്വീകരിക്കൂമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

