തിരുവനന്തപുരം: മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ വിമര്‍ശനയുമായി പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ കേരളാ യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ്). വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് യൂണിയൻ വ്യക്തമാക്കി. കേരളം എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്‌ക്കെതിരെ കെഎസ്യു നേതാവ്, ചാനലിലെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടയില്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ നീങ്ങുമെന്നും യൂണിയന്‍ അറിയിച്ചു

