Thursday, May 2, 2024
spot_img

സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്ര! ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന് രാവിലെ 11:45ന്; ഇനി മൂന്ന് തവണ കൂടി ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്തൽ നടക്കും

ബെംഗളൂരു: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45-നാണ് ഭ്രമണപഥമുയർത്തൽ പ്രക്രിയ നടക്കുക. കഴിഞ്ഞ ദിവസം രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലേക്കുള്ള ഉയർത്തൽ പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. വൃത്താകൃതിയുള്ള ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് പേടകം നിലവിലുള്ളത്. ഇവിടെ നിന്നും ദീർഘ വൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തുകയാണ് ഐഎസ്‌ഐർഒയുടെ ഇന്നത്തെ ലക്ഷ്യം.

ഇന്നത്തെ ഭ്രമണപഥം ഉയർത്തൽ വിജയം കാണുന്നതോടെ ഇതിന് ശേഷം മൂന്ന് തവണ കൂടി ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്തൽ നടക്കും. 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരപാത വിജയകരമായി പൂർത്തിയാക്കിയ ശേഷമായിരിക്കും ആദിത്യ യാത്ര തുടരുന്നത്. 125 ദിവസം സഞ്ചരിച്ചാകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക.

15 ലക്ഷം കിലോമീറ്റർ അകലെയായുള്ള എൽ1 പോയിന്റാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യസ്ഥാനം. സൂര്യനെയും കൊറോണയെയും താപനിലയെയും സൗരക്കാറ്റിനെയും കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രഥമ ലക്ഷ്യം. അഞ്ച് വർഷത്തോളം പേടകം ഇവിടെയുണ്ടാകും. ഏഴ് പേലോഡുകളെയാണ് ഗവേഷണത്തിനായി ആദിത്യയിൽ സജ്ജമാക്കിയിരിക്കുന്നത്.

Related Articles

Latest Articles