Thursday, May 2, 2024
spot_img

‘അടുത്തത് ശുക്രൻ, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തത് പോലെ ചൊവ്വയിൽ ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്’; ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ശാസ്ത്ര ദൗത്യം എന്ന് എസ് സോമനാഥ്

ദില്ലി: ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം ശുക്രനിലേക്കുള്ള വിക്ഷേപണമാണെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. സൗരദൗത്യമായ ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ഇതൊരു ശാസ്ത്ര ദൗത്യമാണ്. ഇത്രയും കാലം ഭൂമിയ്‌ക്ക് ചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് നാം വിക്ഷേപിച്ചിരുന്നത്. പിന്നീട് ചന്ദ്രനിലേക്കും ഉപഗ്രഹം വിക്ഷേപിച്ചു. ഇതാദ്യമായാണ് ലെഗ്രാഞ്ച് പോയിന്റിലേക്ക് (എൽ1) ഉപഗ്രഹം വിക്ഷേപണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ശുക്രനിലെത്തി ലാൻഡ് ചെയ്യണമോ വേണ്ടയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാസയുമായി ചേർന്നുള്ള നാസ-ഇസ്‌റോ സിന്തറ്റിക് അപ്പർച്ചർ റഡാർ വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയിൽ ഇത് നടക്കും. ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവയും ചർച്ച ചെയ്ത് വരികയാണ്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തത് പോലെ ചൊവ്വയിൽ ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്’ സോമനാഥ് വ്യക്തമാക്കി.

‘ആദിത്യ എൽ-1 ന്റെ വിക്ഷേപണം വിജയകരമായെങ്കിലും അത് ആ പോയിന്റിൽ കൃത്യമായെത്തി ഭ്രമണപഥം കണ്ടെത്തിയാൽ മാത്രമേ ദൗത്യം വിജയമായെന്ന് പറയാനാകൂ. 2024 ജനുവരി ആദ്യവാരം ആ പോയിന്റിലേക്ക് ആദിത്യ എൽ-1 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മറ്റ് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെയും പങ്കാളികളാക്കുന്ന ദൗത്യം എന്ന പ്രത്യേകത കൂടി ആദിത്യ എൽ1-നുണ്ട്. മുമ്പ് ഐഎസ്ആർഒ നടത്തുന്ന ദൗത്യങ്ങളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ച് മറ്റ് ശാസ്ത്ര സ്ഥാപനങ്ങൾ പഠനം നടത്തുന്നതാണ് പതിവ്. എന്നാൽ ഇത്തവണ അവരുടെ പങ്കാളിത്തം കൂടിയുണ്ട്. ആദിത്യ എൽ 1-ന്റെ രണ്ട് പേലോഡുകൾ തയാറാക്കിയത് ഐഎസ്ആർഒയ്‌ക്ക് പുറത്തുള്ള സ്ഥാപനങ്ങളാണെന്നും സോമനാഥ് പറഞ്ഞു.

Related Articles

Latest Articles