Sunday, May 19, 2024
spot_img

രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; സത്യപ്രതിജ്ഞ നവംബർ ഒൻപതിന്

ദില്ലി : രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ ഒപ്പിട്ട് രാഷ്ട്രപതി ദ്രൗപതി മുർമു. അടുത്തമാസം 9നാണ് സത്യപ്രതിജ്ഞ.

വിരമിക്കുന്ന ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്തത്. നവംബർ എട്ടിനാണ് ലളിത് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസാണ് പിൻഗാമിയെ നിർദ്ദേശിക്കേണ്ടത് . സുപ്രീം കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിർദ്ദേശിക്കുകയാണ് പതിവ്.

അയോദ്ധ്യ അടക്കം സുപ്രധാന വിധികളുടെ ഭാഗമായിട്ടുള്ള ജഡ്ജിയാണ് ചന്ദ്രചൂഡ്. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ രണ്ട് ഉന്നത ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 39-ആം വയസ്സിൽ മുതിർന്ന അഭിഭാഷകനായി നിയമിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകൻ കൂടിയാണ് ഇദ്ദേഹം. 1998-ൽ അദ്ദേഹം ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായും നിയമിതനായിരുന്നു.

അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹം ഒക്ലഹോമ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ലോ പഠിപ്പിച്ചു.ബോംബെ യൂണിവേഴ്സിറ്റിയിലെ താരതമ്യ ഭരണഘടനാ നിയമത്തിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

Related Articles

Latest Articles