Sunday, May 19, 2024
spot_img

ഗണേഷ്‌കുമാറിനെ വെട്ടി,പത്തനാപുരത്ത് കെ എൻ ബാലഗോപാൽ?

 കെ. ബി. ഗണേഷ് കുമാറിന്റെ സ്ഥിരം മണ്ഡലമായ പത്താനംപുരത്ത് ഇത്തവണ കെ.എന്‍. ബാലഗോപാലിന് സാധ്യത. പത്തനാപുരത്തിനു പകരം ഗണേഷ് കുമാര്‍ കൊട്ടാരക്കരയില്‍ അവസരം നല്‍കാനും ഇടതു മുന്നണിയില്‍ ആലോചനകള്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പു രംഗത്ത് മൂന്നു ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി ഇത്തവണ മത്സര രംഗത്തുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിനെ കൊട്ടാരക്കരയില്‍ നിര്‍ത്താന്‍ ആലോചിക്കുന്നത്.

കേരള കോണ്‍ഗ്രസ് ബിയുടെയും ബാലകൃഷ്ണ പിള്ളയുടേയും ശക്തി കേന്ദ്രമായ കൊട്ടാരക്കരയില്‍ ഗണേഷ് കുമാറിന് വിജയ സാധ്യതകളേറെയാണെന്നാണ് മുന്നണി വിലയിരുത്തുന്നത്. മുമ്പ് യു.ഡി.എഫിലായിരുന്നപ്പോള്‍ ഈ രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ബിയാണ് മത്സരിച്ചിരുന്നത്. 2006-ലെ തിരഞ്ഞെടുപ്പില്‍ ബാലകൃഷ്ണ പിള്ളയെ അട്ടിമറിച്ചാണ് ഐഷ പോറ്റിയിലൂടെ സി.പി.എം. സീറ്റ് പിടിച്ചെടുത്തത്. ബാലകൃഷ്ണപിള്ള ജയിലിലായിരിക്കെ മത്സരിക്കാതെ മാറിനിന്ന 2011-ലും കൊട്ടാരക്കര സി.പി.എം. നേടി. കഴിഞ്ഞ തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഐഷ പോറ്റി തന്റെ മൂന്നു ടേമും പൂര്‍ത്തിയാക്കി.

കേരള കോണ്‍ഗ്രസ് ബിയിലേക്ക് വീണ്ടും കൊട്ടാരക്കര എത്തുമ്പേള്‍ മണ്ഡലം ഇടതുമുന്നണിക്കു കീഴില്‍ നിലനില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് ഗണേഷ് കുമാറിനെ മാറ്റാന്‍ നീക്കം നടക്കുന്നത്. എന്നാല്‍, പത്തനാപുരം വിട്ടുകൊടക്കാന്‍ ഗണേഷ് കുമാര്‍ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പത്തനാപുരത്ത് മത്സരിക്കുന്നത് വലിയ സാധ്യതയാണ് ഗണേഷിനുമുന്നില്‍ തുറന്നിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ സി.പി.ഐ.യും ഗണേഷും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ പ്രകടമാണ്. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാതെ മണ്ഡലം മാറുന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

കെ.എന്‍. ബാലഗോപാലിനെ ഇത്തവണ നിയമ സഭയിലേക്കെത്തിക്കാനാണ് എല്‍.ഡി.എഫ്. നീക്കം. പത്തനാപുത്ത് ബാലഗോപാലിന് ലഭിക്കാവുന്ന സ്വീകാര്യത കണക്കിലെടുത്താണ് അദ്ദേഹത്തെ മത്സര രംഗത്തേക്കിറക്കുന്നത്.

Related Articles

Latest Articles