Saturday, May 18, 2024
spot_img

കെ ഫോണ്‍ :2019ലെ തീരുമാനത്തെ 2024ല്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട് ,പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ പൊതുതാല്‍പര്യം എന്തെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി∙ കെ ഫോണ്‍ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊതുതാല്‍പര്യം എന്തെന്ന ചോദ്യവുമായി ഹൈക്കോടതി. പദ്ധതിയില്‍ വന്‍ അഴിമതി നടന്നെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സതീശന്‍ കോടതിയിലെത്തിയത്.

2019ലെ തീരുമാനത്തെ 2024ല്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. സിഎജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. എന്നാല്‍ ‘അത് ലഭിച്ചിട്ട് വന്നാല്‍ പോരെ’യെന്നും കോടതി ചോദിച്ചു. അതേസമയം സിഎജി റിപ്പോര്‍ട്ട് അല്ലെന്നും നിരീക്ഷണങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ പകരക്കാരെവച്ചു കരാറുകള്‍ വീതം വയ്ക്കുകയായിരുന്നെന്നും അധികാരത്തിലിരിക്കുന്നയാളുമായി ഏറ്റവും അടുപ്പമുള്ള കമ്പനിക്കാണു കരാര്‍ ലഭിച്ചതെന്നും ഹര്‍ജിയില്‍ വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. കരാര്‍ ജോലികളും സാമ്പത്തിക ലാഭവും ഈ കമ്പനി മറ്റൊരു കമ്പനിക്കായി വഴിമാറ്റി.

റോഡ് ക്യാമറ പദ്ധതിയില്‍ നടന്ന രീതിയിലുള്ള തട്ടിപ്പും അഴിമതിയുമാണ് കെ ഫോണ്‍ ഇടപാടുകളിലും നടന്നിരിക്കുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുു. പദ്ധതിയുടെ ചെലവ് 1028.20 കോടി രൂപയാണ് ആദ്യം നിശ്ചയിച്ചത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് നടപ്പാക്കുന്ന ഏജന്‍സിയായി തിരഞ്ഞെടുത്തതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Related Articles

Latest Articles